
കൊൽക്കത്ത: നന്ദിഗ്രാമിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി ബംഗാൾ നിയമസഭയിൽ തിരിച്ചെത്തുമോ എന്ന ചർച്ചകൾക്ക് വിരാമം. നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ഡേയെ ആണ് മമത പക്ഷം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചെങ്കിലും നിയമ പ്രകാരം ഒരു സീറ്റ് രാജിവെക്കേണ്ടി വന്നതോടെയാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. നന്ദിഗ്രാമിനൊപ്പം രജിനഗറിലും ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം രൂക്ഷമായതോടെ, നിയമസഭയിലേക്ക് തിരിച്ചെത്താൻ മമത നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2008 മുതൽ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്ന സഞ്ചിതയെ ആണ് മമത നന്ദിഗ്രാമിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. നന്ദിഗ്രാമിലെ ബോയാൽ പ്രൈമറി സ്കൂളിലെ അധ്യാപികയാണ് സഞ്ചിത. അധ്യാപക നിയമന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് 26000 പേരുടെ നിയമനം റദ്ദാക്കിയപ്പോൾ ഇവരുടെ ജോലിയും നഷ്ടപ്പെട്ടിരുന്നുവെങ്കിലും സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ജോലി തിരികെ ലഭിച്ചു. 2018 മുതൽ 2023 വരെ പഞ്ചായത്ത് സമിതി അംഗമായിരുന്നു സഞ്ചിത.
മമത ബാനർജിയെ സംബന്ധിച്ചിടത്തോളം നന്ദിഗ്രാം വൈകാരികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള മണ്ഡലമായിട്ടും ഒരു പുതുമുഖത്തെ സ്ഥാനാർത്ഥിയാക്കിയതിൽ രാഷ്ട്രീയ കൌതുകമുണ്ട്. 2007-ലെ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ ആവേശത്തിലാണ് 2011-ൽ മമത ബംഗാളിൽ അധികാരത്തിലെത്തിയത്. ജനങ്ങൾക്ക് പരിചയമുള്ള നേതാവിനെ നിർത്തുന്നതിന് പകരം പുതുമുഖത്തിലാണ് തൃണമൂൽ അധ്യക്ഷ വിശ്വാസമർപ്പിച്ചിരിക്കുന്നത്. റെബിയുൾ ആലം ചൗധരി ആണ് രെജിനഗറിലെ തൃണമൂൽ സ്ഥാനാർത്ഥി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam