ലോക്സഭയെ തീപ്പിടിപ്പിച്ച 'നരവനെ' പ്രസംഗം, പിന്മാറാത്ത ആ‌ർജ്ജവം, രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നേട്ടം; പ്രതിച്ഛായ ഉയരുന്നുവെന്ന് കോൺഗ്രസ് വിലയിരുത്തൽ

Published : Feb 02, 2026, 07:48 PM IST
rahul gandhi

Synopsis

ജനറൽ എം എം നരവനെയുടെ പുസ്തകം ഉദ്ധരിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ സർക്കാർ ലോക്സഭയിൽ തടഞ്ഞത് കോൺഗ്രസിന് രാഷ്ട്രീയ നേട്ടമായി. ഈ സംഭവവും രാഹുലിന്റെ ഉറച്ച നിലപാടും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയർത്തുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ

ദില്ലി: ജനറൽ എം എം നരവനെയുടെ പുസ്തകം ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്ത സർക്കാർ നിലപാട് കോൺഗ്രസിന് രാഷ്ട്രീയ നേട്ടമാകുകയാണ്. വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കാനും നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ ഉയർത്താനും ഇത് പാർട്ടി ആയുധമാക്കും. സർക്കാരിനെതിരെ പാർലമെൻറിൽ ഒരു വിഷയവും കാര്യമായില്ലാതിരുന്ന പ്രതിപക്ഷത്തിന് ഇന്ന് രാഹുൽ ഗാന്ധിയെ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമടക്കമുള്ള ഭരണപക്ഷം തടഞ്ഞത് ആയുധമായി. പിന്തിരിയാതെ ഉറച്ചു നിന്ന് നടത്തിയ പ്രസംഗത്തിലെ ആർജ്ജവം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ അണികൾക്കിടയിൽ ഉയരാൻ സഹായിക്കുമെന്നാണ് കോണഗ്രസ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം ചൈനീസ് കടന്നുകയറ്റത്തിന് ഉറച്ച മറുപടി നൽകിയെന്ന എം എം നരവനെയുടെ മുൻ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ബി ജെ പി ശ്രമം.

നരവനെയുടെ കുറിപ്പും ലോക്സഭയിൽ സംഭവിച്ചതും

2020 ഓഗസ്റ്റ് 31ന് വടക്കൻ മേഖല കമാൻഡറായിരുന്നു ലഫ്റ്റനൻറ് ജനറൽ യോഗേഷ് ജോഷിക്ക് രാത്രി ഏട്ടേ കാലിന് ഒരു സന്ദേശം കിട്ടുന്നു. ഗൽവാൻ സംഘർഷത്തിനു ശേഷം ഇന്ത്യ സൈനിക വിന്യാസം നടത്തിയ കൈലാഷ് മലനിരകളിലെ ഒരു കുന്നിനു നേരെ ചൈനീസ് ടാങ്കുകൾ നീങ്ങുന്നു എന്നായിരുന്നു സന്ദേശം. പാകിസ്ഥാൻ അതിർത്തിയാണെങ്കിൽ തിരികെ വെടിവയ്ക്കാൻ മേഖലയിലെ കമാൻഡർമാരുടെ അനുമതി മതി. എന്നാൽ ചൈനയായതിനാൽ ഉന്നതതല നിർദ്ദേശം വേണം. ഇതിനായി കരസേന മേധാവിയായിരുന്ന ജനറൽ എംഎം നരവനെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിനെ ഒന്നിലധികം തവണ വിളിച്ചിട്ടും ഉത്തരവ് നല്കിയില്ല.അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരെയും വിളിക്കാൻ ശ്രമിച്ചു.രണ്ടരകാല മണിക്കൂർ വൈകി രാത്രി പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ച ശേഷം രാജ് നാഥ് സിംഗ് സേനയ്ക്ക് ഉചിതമായത് തീരുമാനിക്കാം എന്ന് മറുപടി നല്കിയതായി നരവനെയുടെ ഓർമ്മക്കുറിപ്പിലുണ്ടെന്നാണ് റിപ്പോർട്ട്. രണ്ടായിരത്തി ഇരുപത്തിനാലിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് സർക്കാർ തടഞ്ഞു എന്നാണ് ആരോപണം. പുസ്തകത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കാരവാൻ മാസിക പ്രസിദ്ധീകരിച്ച ഭാഗമാണ് രാഹുൽ ഗാന്ധി ഇന്ന് വായിക്കാൻ നോക്കിയത്. രാഹുലിനെ സർക്കാർ തടഞ്ഞതോടെ ഈ വിഷയത്തിലേക്ക് രാഷ്ട്രീയ ശ്രദ്ധ തിരിയുകയാണ്. ചൈനീസ് കടന്നുകയറ്റ നീക്കത്തെ ശക്തമായി നേരിട്ടു എന്ന് ജനറൽ എംഎം നരവനെ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞതിൻറെ ദൃശ്യങ്ങൾ കാണിച്ചാണ് സർക്കാർ ആരോപണം ചെറുക്കാൻ നോക്കുന്നത്. ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറിയത് ജവഹർലാൽ നെഹ്റുവിൻറെ പിടിപ്പുകേട് കാരണം എന്ന് വിവരിക്കുന്ന പുസ്തകങ്ങളും ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഹമ്മദാബാദിലെ സമാന പ്രശ്നം, ലണ്ടൻ-ബെം​ഗളൂരു എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം പറക്കാനിരിക്കെ തകരാര്‍, സര്‍വീസ് നിര്‍ത്തി
പ്രധാനമന്ത്രിയുടെ 55 ഇഞ്ച് ധൈര്യം എവിടെ? മോദിയും ഷായും സഭയിൽ നിന്ന് ഓടിയെന്ന് രാഹുലിന്‍റെ പരിഹാസം; നരവനേയുടെ കുറിപ്പ് ലോക്സഭയിൽ കത്തിപ്പടർന്ന ദിനം