സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ പുതിയ മാതൃക സൃഷ്ടിച്ച് കർണാടക സർക്കാർ ഋതുതാരെ എന്ന പേരിൽ പ്രത്യേക വനിതാ ആരോഗ്യ നയം നടപ്പാക്കുന്നു. ആർത്തവം മുതൽ ആർത്തവവിരാമം വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും മിഡ്-ലൈഫ് ഹെൽത്ത് ക്ലിനിക്കുകൾ സ്ഥാപിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ബെംഗളൂരു: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ രാജ്യത്തിന് മാതൃകയാകാൻ ഒരുങ്ങി കർണാടകം. ആർത്തവം മുതൽ ആർത്തവ വിരാമം വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആദ്യമായി പ്രത്യേക വനിതാ ആരോഗ്യ നയം നടപ്പാക്കുന്ന സംസ്ഥാനമാവുകയാണ് കർണാടകം. ഋതുതാരെ എന്നാണ് പദ്ധതിയുടെ പേര്.

സംസ്ഥാനത്ത് നിലവിലുള്ള പൊതുജനാരോഗ്യ നയത്തിന് പുറമെയാണ് സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യനയം. പ്രീ-മെനോപോസ്, പോസ്റ്റ്-മെനോപോസ് ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ആരോഗ്യപരിപാലന മാർഗങ്ങളും നേരിട്ട് വിശദീകരിക്കുന്ന പദ്ധതിയാണ് കർണാടക സർക്കാരിന്റെ ഋതുതാരെ. ആശാ പ്രവർത്തകർ വീടുകൾ തോറും സന്ദർശിച്ച് സ്ത്രീകളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കും. ഭക്ഷണരീതി, ഉറക്കം എന്നിവ ക്രമീകരിക്കാനും മാനസിക സമ്മർദം അകറ്റാനും ആവശ്യമായ നിർദേശങ്ങൾ നൽകും. മെനോപോസ് കാലഘട്ടത്തിൽ ഹൃദ്രോഗങ്ങൾക്കും അസ്ഥിസംബന്ധമായ അസുഖങ്ങൾക്കും സാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ വേണമെന്നതിനാലാണ് ഈ നീക്കമെന്ന് ആരോഗ്യമന്ത്രി യു ടി ഖാദർ വിശദീകരിച്ചു.

സ്ത്രീകളുടെ മധ്യവയസ്സിലെ ആരോഗ്യ പരിപാലനത്തിനായി വുമൺ മിഡ് - ലൈഫ് ഹെൽത്ത് ക്ലിനിക്കുകൾ ആരംഭിക്കാനും നീക്കമുണ്ട്. ഡോ. ജ്യോത്സനയുടെ നേതൃത്വത്തിലാകും പുതിയ ആരോഗ്യ നയത്തിനായുള്ള പോളിസി കമ്മിറ്റി. ഒപ്പം ശിശു ആരോഗ്യ ബോധവൽക്കരണ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടി രമ്യയും ഉണ്ടാകും.