ഉദ്ധവ് താക്കറെക്കെതിരായ പരാമർശം; കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാരായൺ റാണെ ബോംബെ ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Aug 25, 2021, 1:18 PM IST
Highlights

രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വേട്ടയാടലാണ് നടക്കുന്നതെന്ന് റാണയുടെ അഭിഭാഷകർ പ്രതികരിച്ചു.

ദില്ലി: തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നാരായൺ റാണെ ഉടൻ ബോബെ ഹൈക്കോടതിയെ സമീപിക്കും. ചോദ്യം ചെയ്യലിന് അടുത്ത മാസം രണ്ടിന് ഹാജരാകാൻ നാസിക് പൊലീസ് റാണെയ്ക്ക് നോട്ടീസ് നൽകി. റാണയുടേത് തെരുവു ഗുണ്ടയുടെ ഭാഷയെന്ന് ശിവസേനാ മുഖപത്രം സാമ്ന ലേഖനം എഴുതി.

റായ്ഗഡ് കോടതിയിൽ നിന്ന് രാത്രി വൈകി ജാമ്യം കിട്ടിയ നാരായൺ റാണെ രാവിലെ മുംബൈയിലെ വസതിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ അറസ്റ്റ് തടയാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ പരിഗണിച്ചിരുന്നില്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വേട്ടയാടലാണ് നടക്കുന്നതെന്ന് റാണയുടെ അഭിഭാഷകർ പ്രതികരിച്ചു. റായ്ഗഡ് പൊലീസിന് മുന്നിൽ തിങ്കളാഴ്ച ഹാജരാകണമെന്ന് മഹാഡിലെ കോടതി റാണയോട് ഉത്തരവിട്ടിരുന്നു. കോടതി പരിസരത്ത് വച്ച് തന്നെ നാസിക് പൊലീസും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. റാണയെ ഇനി അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന് കിട്ടിയ നിർദ്ദേശം.

റാണയ്ക്കെതിരെ കേസെടുത്ത പൂനെ പൊലീസും കോടതി പരിസരത്ത് എത്തിയിരുന്നെങ്കിലും അറസ്റ്റ് ചെയ്യാതെ മടങ്ങി. സേനാ മുഖ്യപത്രമായ സാമ്ന രൂക്ഷ വിമർശനമാണ് നാരയൺ റാണയ്ക്കെതിരെ ഇന്ന് നടത്തിയത്. റാണെ തുണവീണ ബലൂൺ പോലെയാണെന്ന് ലേഖനത്തിൽ പരിഹസിച്ചു. തെരുവ് ഗുണ്ടയുടെ ഭാഷയാണ് മന്ത്രി മുഖ്യമന്ത്രിക്കെതിരെ നടത്തിയതെന്നും വിമർശിക്കുന്നു. ഇന്ന് സംസ്ഥാനത്ത് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. റാണെയുടെ അറസ്റ്റിനെ തുടർന്ന് നിർത്തി വച്ച ബിജെപിയുടെ ജൻ ആശീർവാദ് യാത്ര മറ്റന്നാൾ പുനരാരംഭിക്കും.

click me!