Latest Videos

പ്രധാനമന്ത്രിയുടെ ജനപ്രീതിയും മുഖ്യമന്ത്രിയുടെ ജനപ്രീതിയും; ഏഷ്യാനെറ്റ് ന്യൂസ് ഗുജറാത്ത് സർവെ ഫലത്തിൽ കണ്ടത്

By Web TeamFirst Published Oct 30, 2022, 7:26 PM IST
Highlights

പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മികച്ചതെന്ന് 18 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 37 ശതമാനം പേർ മികച്ചതെന്നും 35 ശതമാനം പേർ ശരാശരിയാണെന്നും ചൂണ്ടികാട്ടി. എട്ട് ശതമാനം പേർ പ്രധാനമന്ത്രിയുടെ പ്രകടനം മോശമെന്നും രണ്ട് ശതമാനം പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തിയതി എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചേക്കാം എന്ന സാഹചര്യത്തിലൂടെയാണ് ഗുജറാത്ത് കടന്ന് പോകുന്നത്. ഭരണ കക്ഷിയായ ബി ജെ പിയും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും അത്ഭുതം കാട്ടുമെന്ന പ്രതീക്ഷയിലെത്തുന്ന എ എ പിയും തെരഞ്ഞെടുപ്പ് ഗോദയിൽ പോ‍ർവിളിയുമായി സജീവമായിട്ടുണ്ട്. വീറും വാശിയും ഏറുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബി ജെ പി അധികാരം നിലനിർത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ വോട്ടർ അഭിപ്രായ സർവെയിൽ കണ്ടെത്തിയത്. 48 ശതമാനം വോട്ട് വിഹിതത്തോടെയാണ് ഏഴാം തവണയും ബി ജെ പി അധികാരത്തിലെത്തുകയെന്നാണ് സർവെ പ്രവ‍ചിക്കുന്നത്. തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ 182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടിയാകും ബി ജെ പി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. 182 നിയമസഭാ മണ്ഡലങ്ങളിലെ 1,82,557 വോട്ടർമാർക്കിടയിൽ നടത്തിയ അഭിപ്രായമാണ് സർവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെയും പ്രകടനത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ജനപ്രീതി ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഗുണമാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ വോട്ടർ അഭിപ്രായ സർവെയിൽ വോട്ടർമാർ ചൂണ്ടികാട്ടിയത്. ഗുജറാത്തിലെ വോട്ടർമാർ ബി ജെ പി വോട്ട് ചെയ്യുന്നതിന്‍റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. മോദിയുടെ നേതൃത്വത്തിലെ കേന്ദ്ര സർക്കാർ സംസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ സർവെയിൽ പങ്കെടുത്ത വോട്ടർമാർ വിവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മികച്ചതെന്ന് 18 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 37 ശതമാനം പേർ മികച്ചതെന്നും 35 ശതമാനം പേർ ശരാശരിയാണെന്നും ചൂണ്ടികാട്ടി. എട്ട് ശതമാനം പേർ പ്രധാനമന്ത്രിയുടെ പ്രകടനം മോശമെന്നും രണ്ട് ശതമാനം പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. സർവെയിൽ പങ്കെടുത്തവരിൽ 15 ശതമാനം പേർ കേന്ദ്രസർക്കാരിന്‍റെ പ്രകടനം വളരെ മികച്ചതെന്നും 32 ശതമാനം പേർ മികച്ചതെന്നും 39 ശതമാനം പേർ ശരാശരിയെന്നും അഭിപ്രായപ്പെട്ടു. പതിനൊന്ന് ശതമാനം പേർ കേന്ദ്ര സർക്കാരിന്‍റെ പ്രകടനം മോശമെന്നും മൂന്ന് ശതമാനം പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ ജനപ്രീതിക്കും ഇടിവ് സംഭവിച്ചിട്ടില്ലെന്ന് സർവെ ചൂണ്ടികാട്ടുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ  പ്രകടനം വളരെ മികച്ചതെന്ന് 9 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 27 ശതമാനം പേർ മികച്ചതെന്നും 46 ശതമാനം പേർ തൃപ്തികരമാണെന്നും ചൂണ്ടികാട്ടി. 18 ശതമാനം പേർ മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്നും അഭിപ്രായപ്പെട്ടു. സർവെയിൽ പങ്കെടുത്തവരിൽ 9 ശതമാനം പേർ സംസ്ഥാന സർക്കാരിന്‍റെ പ്രകടനം വളരെ മികച്ചതെന്നും 34 ശതമാനം പേർ മികച്ചതെന്നും 39 ശതമാനം പേർ ശരാശരിയെന്നും അഭിപ്രായപ്പെട്ടു. പതിനഞ്ച് ശതമാനം പേർ സംസ്ഥാന സർക്കാരിന്‍റെ പ്രകടനം മോശമെന്നും മൂന്ന് ശതമാനം പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു.

ഗുജറാത്തി ജനത ചൂല് ഏറ്റെടുക്കുമോ, ആപ്പിനെ കാത്തിരിക്കുന്നതെന്ത്? ഏഷ്യാനെറ്റ് ന്യൂസ് സ‍‍ർവെയിലെ കണ്ടെത്തൽ!

click me!