ഗുജറാത്തി ജനത ചൂല് ഏറ്റെടുക്കുമോ, ആപ്പിനെ കാത്തിരിക്കുന്നതെന്ത്? ഏഷ്യാനെറ്റ് ന്യൂസ് സ‍‍ർവെയിലെ കണ്ടെത്തൽ!

By Web TeamFirst Published Oct 30, 2022, 5:32 PM IST
Highlights

ദില്ലിയും പഞ്ചാബും പോലെ കോൺഗ്രസിന് തന്നെയാകും ആപ്പിന്‍റെ കുതിപ്പ് വലിയ നഷ്ടമുണ്ടാക്കുക. പതിറ്റാണ്ടുകൾക്ക് ശേഷം ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കാണ് എ എ പി, ആപ്പാകുന്നത്

അഹമ്മദാബാദ്: രാജ്യം അതീവ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് പോർമുഖം ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾ അരയും തലയും മുറുക്കി കളത്തിലുണ്ട്. പതിറ്റാണ്ടുകളായി ഭരണ ചക്രം തിരിക്കുന്ന ബി ജെ പിക്കും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അത്ഭുതം കാട്ടുമെന്നുറപ്പിച്ചാണ് ഇക്കുറി ആം ആദ്മി പാർട്ടി പോരാട്ടത്തിനിറങ്ങിയത്. ആദ്യം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും കാടിളക്കിയുള്ള പ്രചരണത്തിലൂടെയും ഗുജറാത്തി ജനതയുടെ മനം കവരാമെന്ന പ്രതിക്ഷയാണ് എ എ പി നേതാക്കൾ ഇതുവരെ പങ്കുവച്ചിട്ടുള്ളത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും നേരിട്ട് പ്രചാരണ ചുമതല ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ഗുജറാത്തി ജനതയുടെ മനസിൽ ഇക്കാലയളവിൽ എ എ പിയുടെ ചൂല് എത്രത്തോളം സ്വാധീനം ചെലുത്തി എന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ വോട്ടർ സർവെയിൽ വ്യക്തമായത്. 

സർവെ ഫലം പറയുന്നത്

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എ എ പിക്ക് നേട്ടമുണ്ടാകുമെന്നാണ് സ‍ർവെ ചൂണ്ടികാണിക്കുന്നത്. ഗുജറാത്തിൽ 16 ശതമാനം വോട്ട് വിഹിതം നേടാൻ ആം ആദ്മി പാർട്ടിക്ക് സാധിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ വോട്ടർ സർവെയിലെ കണ്ടെത്തൽ. ദില്ലിയും പഞ്ചാബും പോലെ കോൺഗ്രസിന് തന്നെയാകും ആപ്പിന്‍റെ കുതിപ്പ് വലിയ നഷ്ടമുണ്ടാക്കുക. പതിറ്റാണ്ടുകൾക്ക് ശേഷം ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കാണ് എ എ പി, ആപ്പാകുന്നത്. എ എ പി ആകർഷിക്കുന്നത് കൂടുതലും കോൺഗ്രസ് വോട്ടർമാരെയാണെന്നാണ് പ്രീ പോൾ സർവേ പറയുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകമായി താരതമ്യം ചെയ്താൽ ആപ്പിന്‍റെ 100 ശതമാനം കുതിപ്പിലെ 66 ശതമാനം വോട്ടും കോൺഗ്രസിന്‍റെ പെട്ടിയിൽ നിന്നാകും എത്തുക. ബാക്കി 34 ശതമാനം വോട്ടുകളിലെ 21 ശതമാനം മാത്രമാണ് ബി ജെ പി വോട്ടുകളിൽ നിന്നെത്തുക. എ എ പി കോൺഗ്രസ് വോട്ടുകളിൽ ഉണ്ടാക്കുന്ന വലിയ വിള്ളലും പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതും ബി ജെ പിക്ക് നേട്ടമായി മാറുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ വോട്ടർ സർവെ പറയുന്നത്. തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ വോട്ട് ശതമാനം കുതിക്കുമെങ്കിലും ആംആദ്മി പാര്‍ട്ടിക്ക് 5 മുതൽ 14 വരെ സീറ്റുകളാകും നേടാനാകുക എന്നും സർവെ ചൂണ്ടികാണിക്കുന്നു.

ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള പ്രചാരണം ഗുജറാത്തിൽ ഗുണം ചെയ്തെങ്കിലും വാഗ്ദാനങ്ങൾ ജനം പൂർണമായും ഏറ്റെടുക്കുന്നില്ലെന്ന് കാണാം. സൗജന്യ വാഗ്ധാനങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ധാനമാണെന്നാണ് 43 ശതമാനം വോട്ടർമാരും വിശ്വസിക്കുന്നത്. സംസ്ഥാനങ്ങളിലെ ബി ജെ പിയുടെ പ്രകടനത്തിൽ തൃപ്തരല്ലാത്തവരിൽ നിന്ന് എ എ പിക്ക്  27 ശതമാനം വോട്ട് ലഭിക്കുമെന്നും ഇവ‍ർ കരുതുന്നു. 17 ശതമാനം പേർ കെജ്രിവാളിന്‍റെ പ്രതിച്ഛായയാണ് പാർട്ടിക്ക് വോട്ട് നേടാനുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്.

സൗജന്യ വൈദ്യുതി (300 യൂണിറ്റ് വരെ), തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസ അലവൻസ് (3000 രൂപ), മുതലായ സൗജന്യ വാഗ്ധാനം ചിലയിടങ്ങളിൽ എ എ പിക്ക് ഗുണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് സൗരാഷ്ട്ര, സൂറത്ത് മേഖലയിലെ നിരവധി വോട്ടർമാർ ഇതുവഴി എ എ പിയിലേക്ക് ആകർഷിക്കപ്പെടുന്നു. എന്നിരുന്നാലും എ എ പിക്ക് സർക്കാർ രൂപീകരിക്കാനാകില്ലെന്ന ചിന്ത പലർക്കുമുണ്ട്. അത് പാർട്ടിക്ക് തിരിച്ചടിയാകും എന്നതാണ് സർവെയിലെ മറ്റൊരു കണ്ടെത്തൽ.

ബിജെപി അധികാരം നിലനിർത്തുമെന്ന് സർവെ പ്രവചനം

ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപി ഏഴാം തവണയും സംസ്ഥാന ഭരണം നിലനിര്‍ത്തും എന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ. സംസ്ഥാന തിരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ട് വിഹിതത്തോടൊണ് ബിജെപി വീണ്ടും ഭരണം പിടിക്കുക എന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ 182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ പറയുന്നത്. അതേസമയം ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും 28 മുതൽ 37 വരെ സീറ്റും. ആംആദ്മി പാര്‍ട്ടിക്ക് 5 മുതൽ 14 വരെ സീറ്റുകൾ നേടാനാകും എന്നാണ് പറയുന്നത്.

പ്രതിപക്ഷം ചിതറും; ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി: ഏഷ്യാനെറ്റ് ന്യൂസ് ഗുജറാത്ത് അഭിപ്രായ സര്‍വേ

click me!