അയോധ്യ, കർത്താർപൂർ; ബർലിൻ മതിൽ തകർത്ത സംഭവവുമായി ഉപമിച്ച് മോദി

By Web TeamFirst Published Nov 9, 2019, 10:42 PM IST
Highlights

കര്‍ത്താർപുർ ഇടനാഴി ഇന്ത്യയിൽ നിന്നുള്ള വിശ്വാസികൾക്ക് തുറന്ന് കൊടുത്തതും അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പറഞ്ഞതും ജർമനിയിലെ ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചു നീക്കിയതിന്റെ 30-ാം വാർഷികത്തിലാണെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ദില്ലി: ജർമനിയെ രണ്ടായി ഭാഗിച്ച ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചു നീക്കിയതിന്റെ വാർഷികത്തിലാണ് പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍ത്താർപുർ ഇടനാഴി ഇന്ത്യയിൽ നിന്നുള്ള വിശ്വാസികൾക്ക് തുറന്ന് കൊടുത്തതെന്ന് ഓർമ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് തന്നെയാണ് ചരിത്രപ്രധാനമായ അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീംകോടതിയുടെ ഏകകണ്‌ഠമായ വിധി വന്നതെന്നും മോദി പറഞ്ഞു. അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം രാജ്യത്തെ അഭിസംബാധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ കേസിൽ കോടതിയുടെ ഏകകണ്‌ഠമായ വിധി ഇന്ത്യയുടെ ഐക്യത്തിന്റെ സന്ദേശമാണ്. തെറ്റുകൾ പരിഹരിച്ച് ഒത്തൊരുമയോടെ മുന്നോട്ട് പോകുന്നതിനുള്ള ദിവസമാണ് ഇന്ന്. നവംബർ ഒമ്പതിനാണ് ജർമ്മനിയിൽ ജനക്കൂട്ടം ബർലിൻ മതിൽ തകർത്തത്. ഇന്ന് തന്നെയാണ് കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം നടന്നത്. ഇന്നാണ് നിർണായകമായ അയോധ്യ വിധി വന്നതും. 'ഒത്തൊരുമയോടെ മുന്നോട്ട് പോകുക' എന്ന സന്ദേശമാണ് നവംബർ ഒമ്പത് നമുക്ക് തരുന്നതെന്നും മോദി പറഞ്ഞു. 

രാജ്യത്തെ എല്ലാ മതങ്ങ വിഭാഗവും പൂർണമനസ്സോടെയാണ് വിധി സ്വീകരിച്ചത്. ഇന്ത്യയുടെ പൗരാണിക സംസ്കാരത്തെയും പാരമ്പര്യത്തെയും ഐക്യത്തെയുമാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യൻ ജ്യുഡീഷ്യറിയുടെ ചരിത്രത്തിൽ ഒരു സുവർണാധ്യായം കൂടി ഇന്ന് കുറിക്കപ്പെട്ടിരിക്കുകയാണ്. അയോധ്യ കേസിൽ ദിനംപ്രതി വാദം കേൾക്കണമെന്ന് രാജ്യം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്. 40 ദിവസം നീണ്ട വാദത്തിൽ എല്ലാവരുയെും ഭാ​ഗം ക്ഷമയോടെ വ്യക്തമായി കേട്ടിന് ശേഷമാണ് കോടതി ഏകകണ്‌ഠമായ വിധി പ്രസ്താവിച്ചത്. ഇതിൽ രാജ്യത്തെ മുഴുവൻ ജഡ്ജിമാരും കോടതികളും നീതിപീഠവും പ്രശംസ അർഹിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

നവ ഇന്ത്യയിൽ ഭയത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. ഇന്ത്യയ്ക്കു പുതിയ പുലരിയാണ് സുപ്രീം കോടതി സമ്മാനിച്ചിരിക്കുന്നത്. അയോധ്യ തർക്ക ഭൂമി കേസ് ഒട്ടേറെ തലമുറകളെ ബാധിച്ച വിവാദമായിരിക്കും. എന്നാൽ, സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ, പുതുതലമുറ പുതിയൊരു ഇന്ത്യയെ പടുത്തുയർത്തുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മോദി ആഹ്വാനം ചെയ്തു.

അയോധ്യ കേസിൽ ശനിയാഴ്ചയാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ ഏകകണ്‌ഠനെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിർണായകമായ വിധി പ്രസ്താവിച്ചത്. അയോധ്യയിലെ തർക്ക ഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയണമെന്നും മുസ്ലിംകള്‍ക്ക് പള്ളി പണിയാന്‍ പ്രത്യേക ഭൂമി നല്‍കുമെന്നുമായിരുന്നു സുപ്രീം കോടതി വിധിച്ചത്. 

കർത്താർപൂർ ഇടനാഴി

പഞ്ചാബിലെ ഗുർദാസ്പുരിലെ ദേരാ ബാബ നാനാക്കിൽനിന്ന് നാല് കിലോമീറ്റർ അകലെ പാകിസ്ഥാനിലെ കർതാർപുരിലുള്ള ദരാ‍ബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മത സ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന ഗുരുദ്വാരയിലേക്ക് വിസയില്ലാതെ സന്ദർശനം നടത്താൻ ഇന്ത്യൻ തീർഥാടകരെ അനുവദിക്കുന്ന കരാറിൽ കഴിഞ്ഞ മാസമാണ് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചത്. മൂന്നു ഘട്ടങ്ങളായുള്ള നീണ്ട ചർച്ചകൾക്കു ശേഷമാണ് ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടത്. ഗുരു നാനാക്ക് അവസാന 18 വർഷം ചെലവിട്ട ഗുരുദ്വാരയിലേക്ക് പ്രതിദിനം 5,000 ഇന്ത്യൻ തീർഥാടകർക്ക് പ്രവേശനാനുമതി ഉണ്ടാകും.

ബർലിൻ മതിൽ തകർത്തിട്ട് ഇന്ന് 30 വർഷം

ജർമനിയുടെ ഹൃദയത്തിന് കുറുകെ കെട്ടിയ ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചു നീക്കിയിട്ട് ഇന്നേക്ക് 30 വർഷം തികയുകയാണ്. ബർലിൻ നഗരത്തിന്റെ ഒരു ഭാഗം പടിഞ്ഞാറൻ ജർമനിയുടെയും മറ്റൊരു ഭാഗം കമ്യൂണിസ്‌റ്റ് ഭരണത്തിലായ കിഴക്കൻ ജർമനിയുടെയും കൈവശം വന്നതോടെയാണ് വിഭജനത്തിന്റെ മതിൽ ഉയർന്നത്.

പശ്ചിമ ജർമനിയുടെ കൈവശമുള്ള നഗരത്തിലേക്ക് ജനങ്ങൾ കടക്കാതിരിക്കാൻ പൂർവ ജർമനിയാണ് 1961 ൽ മതിൽ നിർമ്മിച്ചത്.കുറുകെ കടക്കാൻ ശ്രമിച്ചവരെ വെടിവച്ചിടാൻ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെ ചിഹ്നമായി മതിൽ മാറി. ഒടുവിൽ സോവിയറ്റ് യൂണിയൻ ക്ഷയിക്കുകയും മറ്റു രാജ്യങ്ങളിൽ അവരുടെ പിടി അയയുകയും ചെയ്തതോടെ വിഭജനത്തിനെതിരെ ജർമൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 1989ലാണ് ജനക്കൂട്ടം മതിൽ തകർത്തത്.

click me!