ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നരേന്ദ്രമോദിക്ക് പ്രധാന റോള്‍: അമിത് ഷാ

By Web TeamFirst Published Jul 25, 2021, 6:13 PM IST
Highlights

കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്ന സൗജന്യ ഗ്യാസ് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.
 

ഗുവാഹത്തി: ആഗോളതാപന പ്രശ്‌നം നരേന്ദ്ര മോദി മനസ്സിലാക്കിയിട്ടുണ്ടെന്നും ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാണ്‍ അദ്ദേഹം ഏറ്റെടുത്തുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഘാലയയില്‍ അസം റൈഫിള്‍ നടത്തുന്ന ഗ്രീന്‍ സോഹ്‌റ പ്ലാന്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്ന സൗജന്യ ഗ്യാസ് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തുവെന്നും അമിത് ഷാ പറഞ്ഞു. ''ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശമാണ് ചിറാപുഞ്ചി എന്ന് നാം പാഠപുസ്തകത്തില്‍ പഠിച്ചതാണ്. പക്ഷേ ഇപ്പോള്‍ ഇവിടെനിന്ന് കുറച്ച് കിലോമീറ്റര്‍ മാറി ഏറ്റവും കൂടുതല്‍ മഴ പെയ്തതായി രേഖപ്പെടുത്തി. മരങ്ങള്‍ മുറിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശമായി ചിറാപുഞ്ചിയെ മാറ്റിയെടുക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യുകയാണ്. 1.48 ലക്ഷം മരത്തൈ നട്ടുപിടിപ്പിച്ച് നമ്മുടെ പാരാമിലിട്ടറി പ്ലാന്റേഷന്‍ യജ്ഞത്തിന് തുടക്കം കുറിക്കുകയാണ്''- അദ്ദേഹം പറഞ്ഞു.

മേഘാലയയില്‍ 100 ഹെക്ടര്‍ പ്രദേശം വനഭൂമിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി 50 കോടി അനുവദിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!