'അഞ്ചുവര്‍ഷം ജനങ്ങള്‍ക്കായി അക്ഷീണം പ്രയത്നിച്ചു'; യോഗിക്ക് മോദിയുടെ അഭിനന്ദനം

Published : Mar 13, 2022, 07:45 PM ISTUpdated : Mar 14, 2022, 07:29 AM IST
'അഞ്ചുവര്‍ഷം ജനങ്ങള്‍ക്കായി അക്ഷീണം  പ്രയത്നിച്ചു'; യോഗിക്ക് മോദിയുടെ അഭിനന്ദനം

Synopsis

 ഉത്തര്‍പ്രദേശ് സർക്കാര്‍ രൂപികരണ ചർച്ചകള്‍ക്കായാണ് യോഗി ആദിത്യനാഥ് ദില്ലിയിലെത്തിയത്. ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം  ഏതൊക്കെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നതിലാണ് പ്രധാന ചർച്ച . 

ദില്ലി: ഉത്തര്‍പ്രദേശിലെ (Uttar Pradesh) ചരിത്ര വിജയത്തിൽ യോഗി ആദിത്യനാഥിന് (Yogi Adityanath) നരേന്ദ്ര മോദിയുടെ അഭിനന്ദനം. കഴിഞ്ഞ അഞ്ചുവര്‍ഷം  ജനങ്ങള്‍ക്കായി യോഗി അക്ഷീണം പ്രയ്തനിച്ചെന്നും അടുത്ത അഞ്ചുവര്‍ഷവും വികസനത്തിനായി യോഗി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ദില്ലിയില്‍ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചത്. ഉത്തര്‍പ്രദേശ് സർക്കാര്‍ രൂപികരണ ചർച്ചകള്‍ക്കായാണ് യോഗി ആദിത്യനാഥ് ദില്ലിയിലെത്തിയത്. ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം  ഏതൊക്കെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണം എന്നതിലാണ് പ്രധാന ചർച്ച . ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനാകൂ.

നിലവില്‍ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകള്‍ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്. ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് , ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക്, എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്.  ഒബിസി മുഖമായ കേശവ് പ്രസാദിന് ഒരു വട്ടം കൂടി അവസരം നല്‍കുമോ ദേശീയ തലത്തിലേക്ക് നിയോഗിക്കുമോയെന്നതും കണ്ടറിയണം. കുര്‍മി വിഭാഗത്തില്‍ നിന്നാണ് സ്വതന്ദ്രദേവ്, ബിഎസ്പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ, ബ്രാഹ്മിണ്‍ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്. നോയിഡയില്‍ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്‍റെ മകന്‍ പങ്കജ് സിങിനെയും നേതൃത്വത്തിന് പരിഗണിക്കേണ്ടതുണ്ട്. 

അതേസമയം ഉത്തരാഖണ്ഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ ഒരാഴ്ചക്കുള്ളില്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കും. ഉത്തരാഖണ്ഡില്‍ ആറ് പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ച‍ർച്ചയാകുന്നത്. ഇതില്‍ ഒരാഴ്ചക്കുള്ളില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. മണിപ്പൂരില്‍ ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭ രൂപികരണ ചർച്ചകള്‍ ഉടൻ ആരംഭിക്കും.

മോദിയുടെ പിൻഗാമിയാകുമോ യോ​ഗി? 

സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്‍റെ യുപി ഇലക്ഷൻ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985 ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്. അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017 ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു.

ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിന്‍റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു. രണ്ടാം കൊവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പൊലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം