
ദില്ലി: ഇന്ത്യയും ഇസ്രയേലും (India - Israel) തമ്മിലുള്ള ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 30 വാർഷികത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). ഇന്ന് നമ്മുടെ ബന്ധത്തിൽ ഒരു പ്രത്യേക ദിവസമാണ്. 30 വർഷം മുമ്പ്, ഈ ദിവസം, നമുക്കിടയിൽ സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടു - മോദി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ-ഇസ്രായേൽ സൗഹൃദം വരും ദശകങ്ങളിൽ പരസ്പര സഹകരണത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവന ഇങ്ങനെ...
എല്ലാ ഇസ്രായേലി സുഹൃത്തുക്കൾക്കും ശാലോമിനും ഇന്ത്യയുടെ ആശംസകൾ. ഇന്ന് നമ്മുടെ ബന്ധത്തിൽ ഒരു പ്രത്യേക ദിവസമാണ്. 30 വർഷം മുമ്പ്, ഈ ദിവസം, നമുക്കിടയിൽ സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടു.
ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. ഈ അധ്യായം പുതിയതാണെങ്കിലും നമ്മുടെ ഇരു രാജ്യങ്ങളുടെയും ചരിത്രം വളരെ പഴക്കമുള്ളതാണ്. നമ്മുടെ ജനങ്ങൾ തമ്മിൽ നൂറ്റാണ്ടുകളായി അടുത്ത ബന്ധമുണ്ട്.
ഇന്ത്യയുടെ സ്വഭാവം പോലെ, നൂറുകണക്കിനു വർഷങ്ങളായി നമ്മുടെ യഹൂദ സമൂഹം ഇന്ത്യൻ സമൂഹത്തിൽ യാതൊരു വിവേചനവുമില്ലാതെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജീവിക്കുകയും വളരുകയും ചെയ്യുന്നു. അത് നമ്മുടെ വികസന യാത്രയിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇന്ന്, ലോകമെമ്പാടും കാര്യമായ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു. ഇന്ത്യ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നു, അടുത്ത വർഷം ഇസ്രായേൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കും, ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുമ്പോൾ പരസ്പര സഹകരണത്തിന് പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കാൻ ഇതിലും മികച്ച അവസരമെന്താണ്.
30 വർഷത്തെ ഈ സുപ്രധാന നാഴികക്കല്ലിൽ, ഞാൻ നിങ്ങളെ എല്ലാവരെയും വീണ്ടും അഭിനന്ദിക്കുന്നു. ഇന്ത്യ-ഇസ്രായേൽ സൗഹൃദം വരും ദശകങ്ങളിൽ പരസ്പര സഹകരണത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നന്ദി, ടോഡ റബ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam