
ദില്ലി: ഖേൽ രത്ന പുരസ്കാരം പേര് മാറ്റിയത്തിനെതിരെ കോണ്ഗ്രസ് ദേശീയ വക്താവ് ഷമ മൊഹമ്മദ്. നരേന്ദ്ര മോഡി സ്റ്റേഡിയം എന്നതിന് പകരം ഏതെങ്കിലും കായിക താരത്തിന്റെ പേര് നൽകിയിരുന്നെങ്കിൽ ഖേൽരത്‌ന പേര് മാറ്റത്തിലും വിമർശനം ഉണ്ടാകില്ല. അല്ലാത്ത പക്ഷം എല്ലാം രാഷ്ട്രീയ പകവീട്ടൽ മാത്രമാണെന്ന് ഷമ മൊഹമ്മദ് പ്രതികരിച്ചു.
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിൻറെ പേരിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ച വച്ച അവസരം ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം. പൊതുജന അഭിപ്രായം മാനിച്ചാണ് മേജർ ധ്യാൻചന്ദിൻറെ പേരിലാക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൻറെ പേരും മാറ്റണമെന്ന് കോൺഗ്രസ് തിരിച്ചടിക്കുകയും ചെയ്തു.
കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ വ്യക്തിയാണ് ധ്യാൻചന്ദ്. രാജ്യത്തെ പരമോന്നത ബഹുമതി അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്നതാണ് ഉചിതമെന്നും മോദി വിശദീകരിച്ചു. രാജ്യത്തെ കായിക ബഹുമതികളുടെ പുനർക്രമീകരണത്തിനായി ആയി കേന്ദ്രം ആറംഗ സമിതിയെ നേരത്തെ നിശ്ചയിച്ചിരുന്നു.
മേജർ ധ്യാൻ ചന്ദിൻറെ പേരിലാക്കി പുരസ്ക്കാരം മാറ്റിയതിനെ പ്രതിപക്ഷം എതിർക്കുന്നില്ല. എന്നാൽ ഇത് നരേന്ദ്ര മോദിക്കും ബാധകമല്ലേ എന്ന ചോദ്യം ഉന്നയിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. നേരത്തെ രാജീവ് ഗാന്ധി ഖേലോ അഭിയാൻ പദ്ധതിയും ഖേലോ ഇന്ത്യ എന്ന പേരിലേക്ക് മാറ്റിയിരുന്നു.
1991-92ൽ ഏർപ്പെടുത്തിയ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്ക്കാരം മുൻ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിനാണ് ആദ്യം സമ്മാനിച്ചത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് നാലു മാസം ബാക്കി നില്ക്കെയാണ് അലഹബാദിലെ രാജ്പുത് കുടുംബത്തിൽ ജനിച്ച മേജർ ധ്യാൻചന്ദിൻറെ പേരിലേക്ക് ഈ പുരസ്ക്കാരം മാറ്റുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam