
ദില്ലി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമന്‍, എസ് ജയശങ്കർ, മനോഹർ ലാല്‍ ഖട്ടാർ, എച്ച് ഡി കുമാരസ്വാമി, പീയുഷ് ഗോയല്‍, ധർമ്മേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, സർബാനന്ദ് സോനോവാള്‍, വീരേന്ദ്രകുമാർ, റാം മോഹൻ നായിഡു, പ്രഹ്ലാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര ഷെഖാവത്ത്, അന്നപൂര്‍ണ ദേവി, കിരണ്‍ റിജിജു, ഹർദീപ് സിങ് പുരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
72 അംഗ മന്ത്രിസഭയില്‍ 9 പേര്‍ പുതുമുഖങ്ങളാണ്. 5 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്. നരേന്ദ്രമോദിയടക്കം മന്ത്രിസഭയില്‍ ഏഴ് മുന്‍ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നു. രാജ്നാഥ് സിങ് (ഉത്തർപ്രദേശ് ), ശിവരാജ് സിങ് ചൗഹാൻ (മധ്യപ്രദേശ് ), മനോഹർ ലാല്‍ ഖട്ടാർ (ഹരിയാന), സർബാനന്ദ് സോനോവാള്‍ (അസം), എച്ച് ഡി കുമാരസ്വാമി (കർണാടക) ജിതൻ റാം മാഞ്ചി (ബിഹാർ)-എന്നിവരാണ് മുൻ മുഖ്യമന്ത്രിമാർ.
മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരുംസത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും നൽകിയിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam