
ദില്ലി: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കരുതലും ജാഗ്രതയും ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ. രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിൽ കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള ഏതാനും ചില വഴികൾ പരിചയപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്‍സ്റ്റാഗ്രാമിലാണ് മോദി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ കിംവദന്തികൾ അതിവേഗം പ്രചരിക്കുകയാണെന്നും ഇവയിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും മോദി വീഡിയോയിൽ ആവശ്യപ്പെടുന്നു.
ആളുകള്‍ പലപ്പോഴും വൃത്തിയില്ലാത്ത കൈകള്‍ ഉപയോഗിച്ച് അവരുടെ മുഖത്ത് തൊടുന്നുവെന്നും ഇത് അണുബാധയുടെ വ്യാപനത്തിലേക്ക് നയിക്കുന്നുവെന്നും മോദി വിശദീകരിക്കുന്നു. ഇതിനാൽ കൈ കഴുകണമെന്നും മുഖത്തോ കണ്ണുകളിലോ തൊടരുതെന്നും അദ്ദേഹം പറയുന്നു.
രോഗം ബാധിച്ചവര്‍ക്ക് ഇതിനോടകം സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടാകുമെന്നും വൈറസ് ബാധിച്ചവര്‍ ഭയപ്പെടേണ്ടതില്ല. എത്രയും വേഗം ഡോക്ടറെ സമീപിക്കണമെന്നും മോദി വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.