
ദില്ലി : റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് നയതന്ത്ര ചർച്ചയിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓർമ്മിപ്പിച്ചാണ് മോദിയുടെ വാക്കുകൾ.
കൊവിഡാനന്തര ലോകം പടുത്തുയർത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നൽകുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നൽകുമെന്ന് ഉറപ്പ് നൽകുന്നുവെന്നും മോദി ബാലിയിൽ പറഞ്ഞു.
ഉച്ചകോടിക്കിടെ മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടകക്കുക. ഡിസംബറിൽ ഇന്ത്യ ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.
ഇന്ത്യക്ക് ഗുണകരമായ ചർച്ചകൾ ജി 20 ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലേക്ക് പുറപ്പെടും മുൻപുള്ള സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Read More : ജി 20 ഉച്ചകോടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ മോദി കണ്ടേക്കും, ബൈഡനുമായി കൂടികാഴ്ചയ്ക്കും സാധ്യത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam