
മുംബൈ: വിമാനപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് വൈകാരിക വിടവാങ്ങൽ. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ കോളേജ് മൈതാനത്ത് നടന്ന സംസ്കാര ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. അജിത് പവാറിന്റെ മകൻ പാർഥ് പവാർ ചിതയ്ക്ക് തീ കൊളുത്തി. അജിത് ദാദാ അമർ രഹേയെന്ന മുദ്രാവാക്യം ഉയർത്തിയാണ് പതിനായിരക്കണക്കിന് ആളുകൾ അവസാന യാത്രയയപ്പ് നൽകിയത്.
അജിത് പവാറിന് അവസാന യാത്രയപ്പ് നൽകാൻ വിദ്യ പ്രതിഷ്ഠൻ കോളേജ് മൈതാനത്തേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. അജിത് ദാദ അമർ രഹേ എന്നുറക്കെ വിളിച്ചുകൊണ്ട് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ സംസ്കാര ചടങ്ങിന് എത്തി. പവാറിന്റെ വീട്ടിൽ നിന്ന് വിലാപയാത്രയായാണ് സംസ്കാര ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ഭൗതികശരീരം എത്തിച്ചത്. തുടർന്ന് അന്തിമോപചാര ചടങ്ങുകൾ നടന്നു. അഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിധിൻ നബിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. പവാർ കുടുംബത്തിലെ അംഗങ്ങളായ ശരത് പവാർ, സുപ്രിയ സുലെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച ശേഷം മകനായ പാർത്ഥ് ചിതക്ക് തീ കൊളുത്തി. ബാരാമതിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാറും മറ്റു നാലു പേരും മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ട ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ, ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ എന്നിവ സ്ഥലത്തുനിന്ന് കണ്ടെടുത്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam