
ദില്ലി: അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും കൂടുതൽ പേർ അഗ്നിപഥ് പ്രതിഷേധത്തിൻ്റെ പേരിൽ അറസ്റ്റിലായത് ബിഹാറിലാണ്. രാജ്യത്താകെ 1313 പേരാണ് അറസ്റ്റിലായത്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ്.
അഗ്നിപഥിനെതിരെ ഉദ്യോഗാർത്ഥികളുടെ വിവിധ കൂട്ടായ്മകള്‍ സാമൂഹിക മാധ്യമങ്ങൾ വഴി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന യുപി , ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ അടച്ചിടും. അതേസമയം കരസേനയിലെ അഗ്നിപഥ് കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam