
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഹാജരാകേണ്ട തീയതി മാറ്റി നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ ജൂൺ 13 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിന് രാഹുലിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നൽകിയത്. നേരത്തേ ജൂൺ രണ്ടിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. തീയതി മാറ്റി നൽകാൻ അന്വേഷണ ഏജൻസിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വിദേശത്താണ് രാഹുൽ. ജൂൺ 5നാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുക.
സോണിയാ ഗാന്ധി നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമായി ജൂൺ 8ന് അവര്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയാ ഗാന്ധി നിലവിൽ ഐസൊലേഷനിലാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് ,സുര്‍ജെവാല പറഞ്ഞു. ഹാജരാകുന്നതിന് മുന്പ് വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
ഇതിന് പിന്നാലെ ഇഡി നടപടിയില്‍ അപലപിച്ച് കോൺഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാർ.
ഇഡി നോട്ടീസ് ; ഓലപാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് മോദി കരുതരുതെന്ന് കെ സുധാകരൻ
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കേന്ദ്ര സർക്കാരിന്‍റെ നടപടി രാഷ്ട്രീയ കുടിപ്പകയുടെ ഭാഗമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നരേന്ദ്ര മോദിയുടെയും സംഘപരിവാര്‍ ശക്തികളുടെയും ഫാസിസ്റ്റ് ശൈലിക്കെതിരായി നിരന്തരം ശബ്ദം ഉയര്‍ത്തുന്ന സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കേന്ദ്ര ഏജന്‍സികളുടെ ഓലപാമ്പ് കാട്ടി ഭയപ്പെടുത്താമെന്നും നിശബ്ദരാക്കാമെന്നും മോദി കരുതുന്നത് അദ്ദേഹം മൂഢസ്വര്‍ഗത്തില്‍ ആയതുകൊണ്ടാണെന്നും സുധാകരൻ പറഞ്ഞു. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച കുടുംബത്തിന്‍റെ പാരമ്പര്യമുള്ള ഇരുവരുടെയും മഹത്വം തിരിച്ചറിയാന്‍ മോദിക്ക് കഴിയില്ല. മോദിയേയും കൂട്ടരേയും പോലെ രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ച് കുടുംബത്തേക്ക് കൊണ്ടുപോകേണ്ട ഗതികേട് നെഹ്റു കുടുംബത്തിനില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസിനെ ഭീഷണിപ്പെടുത്താമെന്നത് ബിജെപിയുടെ വ്യാമോഹം: കെ സി വേണുഗോപാൽ
കോൺഗ്രസിനെതിരെ കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്‍റെയും ഭാഗമാണ് ഇപ്പോഴും തുടരുന്നത്. 2015 - ൽ തെളിവില്ലാത്തതിന്‍റെ പേരില്‍ അവസാനിപ്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കുന്ന നടപടിയില്‍ നിന്നു തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മോദിയും കൂട്ടരും കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തേയും എത്രത്തോളം ഭയക്കുന്നുയെന്ന് വ്യക്തമാകുകയാണ്. കേന്ദ്ര ഏജന്‍സികളെ എന്തെല്ലാം വൃത്തികെട്ട രാഷ്ട്രീയ നേട്ടത്തിനും പകപോക്കലിനും ഉപയോഗിക്കുമെന്ന് മോദി നേരത്തെയും തെളിയിച്ചിട്ടുള്ളതാണ്. മോദിയുടെ വിദ്വേഷ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ച് രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കാന്‍ പോരാടുന്ന നേതാക്കളാണ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും. അവരെ തേജോവധം ചെയ്യുന്ന മോദിയുടെ നടപടി ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും സഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പകയുടെ പേരില്‍ ഇത്തരം നടപടികള്‍ തുടരാനാണ് മോദിയും സംഘപരിവാര്‍ ശക്തികളും ശ്രമിക്കുന്നതെങ്കില്‍ കയ്യുംകെട്ടി ഗ്യാലറിയിലിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാവില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ നേരിടാന്‍ മോദിയുടെയും അമിത് ഷായുടെയും മുഴുവന്‍ പൊലീസിനെയും രാജ്യത്ത് അണിനിരത്തിയാലും മതിയാകില്ലെന്നും സുധാകരന്‍ ആഞ്ഞടിച്ചു.