
ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍ (National Herald Case) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ ചൊവ്വാഴ്ച രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം. ദില്ലിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതിയംഗങ്ങളുൾപ്പടെയുള്ളവർ പങ്കെടുക്കും.
ഇനി ചൊവ്വാഴ്ചയാണ് സോണിയ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുക. കേസില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് ഇന്ന് രണ്ട് മണിക്കൂര്‍ നേരം മാത്രമാണ് സോണിയയെ ചോദ്യം ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി
കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ കുണ്ടറയിലെനേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണു മൂവരും ഹാജരാകാൻ കോടതി നിർദേശിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങളെത്തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ കുണ്ടറയിലെ പ്രാദേശിക നേതാവായിരുന്ന പൃഥ്വിരാജിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് നിവേദനം നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. അഡ്വ. ബോറിസ് പോൾ മുഖേനയാണ് പൃഥീരാജ് മുൻസിഫ് കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam