'കർഷക സമരം ജനജീവിതത്തെ ബാധിക്കുന്നു'; നാല് സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

By Web TeamFirst Published Sep 14, 2021, 3:23 PM IST
Highlights

സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ദില്ലിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമെന്നും പരാതിക്കാർ പറയുന്നു. 

ദില്ലി: കർഷക സമരവുമായി ബന്ധപ്പട്ട് നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. സിംഘു, തിക്രി, ഗാസിപ്പൂർ അടക്കം അതിർത്തികളിൽ തുടരുന്ന കര്‍ഷക സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി. കഴിഞ്ഞ വർഷം നവംബർ 26 മുതൽ ദില്ലി അതിർത്തികൾ ഉപരോധിച്ചാണ് കർഷകർ സമരം തുടങ്ങിയത്. സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ദില്ലിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമെന്നും പരാതിക്കാർ പറയുന്നു. 

കൂടാതെ സിംഘുവിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 9000 ചെറുകിട കമ്പനികളെ സമരം ബാധിച്ചുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. സമരസ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസില്‍ പരാമർശിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉത്തർ പ്രദേശ്, ദില്ലി, ഹരിയാന രാജസ്ഥാൻ സർക്കാരുകളോട് റിപ്പോർട്ട് തേടിയത്. നിലവിലെ സ്ഥിതിവിവരങ്ങൾ കമ്മീഷനെ ധരിപ്പിക്കാൻ നിർദ്ദേശമുണ്ട്. 

അതേസമയം പ്രശ്നപരിഹാരത്തിന് യതൊരും നീക്കവും നടത്താത്ത സർക്കാരിന്‍റെ ഇത്തരം നടപടികൾ കൊണ്ട് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. പ്രാദേശിക പിന്തുണയോടെയാണ് സമരമെന്നും നേതാക്കൾ പ്രതികരിച്ചു. അതേസമയം മൂന്നാംഘട്ട സമരത്തിന്‍റെ ഭാഗമായി നാളെ ജയ്പൂരിലാണ് മഹാപഞ്ചായത്ത് നടത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!