ബിജെപിയുടെ രാഷ്ട്രീയത്തേക്കാൾ വലുത് രാജ്യസുരക്ഷയെന്ന് രാഹുൽ ഗാന്ധി; സ‍ർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ

By Web TeamFirst Published Feb 27, 2019, 6:43 PM IST
Highlights

ജവാൻമാരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ കുറ്റപ്പെടുത്തി. ഇടുങ്ങിയ രാഷ്ട്രീയ ചിന്തയേക്കാൾ വലുതാണ് രാജ്യസുരക്ഷയെന്ന് രാഹുൽ ഗാന്ധി.

ദില്ലി: ജവാൻമാരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ കുറ്റപ്പെടുത്തി. ഇടുങ്ങിയ രാഷ്ട്രീയ ചിന്തയേക്കാൾ വലുതാണ് രാജ്യസുരക്ഷയെന്ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന പുറത്തുവിട്ടുകൊണ്ട് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ രാജ്യത്തെ ജനങ്ങളെ ഇന്ത്യൻ സർക്കാർ വിശ്വാസത്തിലെടുക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 

ഭീകരാക്രമണത്തിന് ശേഷം സർവകക്ഷിയോഗം വിളിച്ചുചേർക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യോഗം കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യത്തിൽ സർവകക്ഷിയോഗം വിളിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ കീഴ്വഴക്കമാണെന്നും പ്രതിപക്ഷ കക്ഷികളുടെ യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ വ്യോമസേനയുടെ കാണാതായ വൈമാനികന്‍റെ സുരക്ഷയുടെ കാര്യത്തിൽ യോഗം തീവ്രമായ ഉത്കണ്ഠ രേഖപ്പെടുത്തി. രാജ്യസുരക്ഷ അപകടത്തിലേക്ക് നീങ്ങുന്നതിലും സംയുക്ത പ്രസ്താവന സർക്കാരിനെ ആശങ്ക അറിയിച്ചു.

പുൽവാമ ഭീകരാക്രമണത്തെ യോഗം അപലപിച്ചു. പാകിസ്ഥാൻ സ്പോൺസർ ചെയ്ത ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ഭീരുത്വം നിറഞ്ഞ പ്രവർത്തിയായിരുന്നു പുൽവാമ ഭീകരാക്രമണം. ഭീകരതയെ ചെറുക്കുന്ന ഇന്ത്യൻ സൈന്യത്തിന്‍റെ ധീരതയെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ പ്രകീർത്തിക്കുന്നതായും രാഹുൽ പറഞ്ഞു. 21 പ്രതിപക്ഷ കക്ഷികളാണ് ഇന്ന് ദില്ലിയിൽ യോഗം ചേർന്നത്.

click me!