കർഷകസംഘടനകളുടെ 'ദില്ലി ചലോ' മാർച്ച് ഇന്ന്, അനുമതിയില്ല, കർഷകർക്ക് നേരെ ജലപീരങ്കി

Published : Nov 26, 2020, 08:09 AM IST
കർഷകസംഘടനകളുടെ 'ദില്ലി ചലോ' മാർച്ച് ഇന്ന്, അനുമതിയില്ല, കർഷകർക്ക് നേരെ ജലപീരങ്കി

Synopsis

ഫരീദാബാദിലും ഹരിയാന - ദില്ലി അതിർത്തിയിലെമ്പാടും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സർവീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്. മാർച്ചിന് ദില്ലിയിലേക്ക് കടക്കാൻ അനുമതിയില്ല.

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത മാർച്ചിന്‍റെ പശ്ചാത്തലത്തിൽ ഫരീദാബാദിലും ഹരിയാന - ദില്ലി അതിർത്തിയിലെമ്പാടും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സർവീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്. 

യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകസംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്കുള്ള ബസ് സർവീസുകൾ തടസ്സപ്പെട്ടിട്ടുണ്ട്. കൊടും തണുപ്പായതിനാൽ ഭക്ഷണപദാർത്ഥങ്ങളും തീകായാനുള്ള വസ്തുക്കളുമായാണ് കർഷകർ എത്തിയിരിക്കുന്നത്. ദില്ലിയിലേക്ക് കടക്കാൻ അനുവദിച്ചില്ലെങ്കിൽ എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കർഷകർ വ്യക്തമാക്കുന്നു. 

പഞ്ചാബിൽ നിന്നും കർണാടകയിൽ നിന്നും നൂറുകണക്കിന് കർഷകരാണ് പ്രതിഷേധവുമായി ദില്ലി അതിർത്തിയിലെത്തിയിരിക്കുന്നത്. അഞ്ച് ഹൈവേകളിലൂടെയായി ഹരിയാന അതിർത്തിയിലൂടെ ദില്ലിയിലേക്ക് പ്രവേശിച്ച് വൻറാലി നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. 200 കർഷകയൂണിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാലിൽ വച്ച് ഇന്നലെ ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നിട്ടും കർഷകർ പിൻമാറാൻ തയ്യാറായിരുന്നില്ല. 

പഞ്ചാബ് - ഹരിയാന അതിർത്തിയിൽ വലിയ ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവച്ചത്. ബാരിക്കേഡുകൾ ട്രാക്ടർ വച്ച് മാറ്റാൻ കർഷകർ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഹരിയാന, യുപി, ദില്ലി അതിർത്തി പ്രദേശങ്ങളിൽ സിആർപിഎഫിനെ അടക്കം നിയോഗിച്ചിട്ടുണ്ട്. 

അതേസമയം, ഹരിയാനയിലെ അംബാലയിൽ വൻതോതിൽ കർഷകർ പ്രതിഷേധത്തിന്‍റെ ഭാഗമായി കൂട്ടംകൂടുകയാണ്. കാറുകളിലും ബൈക്കുകളിലും ട്രാക്റ്ററുകളിലുമായി നിരവധിപ്പേർ എത്തിയിട്ടുണ്ട്. ദേശീയപാത 44-ൽ റോഡ് ഉപരോധത്തിന്‍റെ ഭാഗമായി ദില്ലി ഹരിയാന അതിർത്തി പ്രദേശം വരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 

പുതിയ കർഷകനിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഡിസംബർ 3-ന് കർഷകസംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ മാസം സർക്കാർ ആദ്യഘട്ട ചർച്ച നടത്തിയത് പരാജയമായിരുന്നു. ഇതേത്തുടർന്നാണ് വൻ പ്രതിഷേധറാലിയ്ക്ക് കർഷകർ തയ്യാറെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല
​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം