
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കോൺഗ്രസും യൂത്ത് കോൺഗ്രസും. ദില്ലി, ജയ്പൂർ, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചുകളിൽ വലിയ സംഘർഷമാണ് ഉടലെടുത്തത്. ജയ്പൂരിൽ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികൾ ധരിച്ചാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തത്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ദില്ലിയിലെ റോഡ് ഉപരോധവും മാർച്ചും. സാധാരണക്കാരന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച ഉദയ് ഭാനു ചിബ് അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള റോഡുകൾ അടയ്ക്കുകയും യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഗ്യാനേഷ് രാജിവയ്ക്കും വരെ അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് നേതാക്കൾ പ്രതികരിച്ചത്.
അതേസമയം ദില്ലിയിലെ സി പി എം ആസ്ഥാനമായ എ കെ ജി ഭവന് മുന്നിൽ നിന്ന് ഭഗത് സിങ് സ്മാരകത്തിലേക്ക് ഇടത് നേതാക്കളും പ്രതിഷേധ മാർച്ച് നടത്തി. സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം എ ബേബി, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ ഇനി ഒരു നിമിഷം പോലും അവകാശമില്ലെന്ന് ആഞ്ഞടിച്ചു. ജനാധിപത്യ സംവിധാനത്തിൽ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടും സ്ഥാനത്ത് കടിച്ചുതൂങ്ങിനിൽക്കുന്ന അല്പത്വമാണ് അദ്ദേഹം കാണിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇയാളെ സംരക്ഷിക്കുകയാണെന്നും ബേബി ആരോപിച്ചു. എസ് ഐ ആർ എന്ന ആഭാസ പ്രവൃത്തി അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ പ്രമുഖ വ്യക്തികളെയും ബുദ്ധിജീവികളെയും പൊതുജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ വിഷയം ഇന്ത്യ സഖ്യ യോഗത്തിൽ പ്രതിഷേധം ശക്തമാക്കണമെന്ന വികാരം ഉന്നയിക്കാനാണ് സി പി എം തീരുമാനം. നാളെ മറ്റ് ഇടത് പാർട്ടികളെയും അണിനിരത്തി കൂട്ടായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam