
ദില്ലി: കർത്താർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രാനുമതി തേടി പഞ്ചാബ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ചാണ് സിദ്ദു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക.
സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് കര്‍ത്താര്‍പൂര്‍. അദ്ദേഹം നേരിട്ടുസ്ഥാപിച്ച ഗുരുദ്വാരയാണ് ഇവിടെയുള്ളതെന്നും വിശ്വാസമുണ്ട്. കര്‍ത്താര്‍പൂരില്‍ നിന്ന് വെറും നാലുകിലോമീറ്റര്‍ അകലെയാണ് ഇന്ത്യയും പാകിസ്ഥാനുമിടയിലുള്ള ഗുരുദാസ്‍പൂര്‍ അതിര്‍ത്തി. ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഈ മാസം ഒമ്പതിനാണ്. അതില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് നവജ്യോത് സിംഗ് സിദ്ദു വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിരിക്കുന്നത്.
Read Also: സിഖ് ഹൃദയങ്ങൾക്കിടയിൽ വിസ വേണ്ടാത്ത ഒരു ഇടനാഴി, കർത്താർപൂർ!
'കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍റെ ക്ഷണം ലഭിച്ചിട്ടുണ്ട്. വിനീതനായ സിഖ് മതവിശ്വാസിയെന്ന നിലയില്‍ ആ ചരിത്രപരമായ ചടങ്ങില്‍ പങ്കെടുക്കാനും ഗുരു ബാബാ നാനാക്കിന് അഞ്ജലികളര്‍പ്പിക്കാനും കഴിയുന്നത് അഭിമാനമായി കാണുന്നു. അതുകൊണ്ട് സന്ദര്‍ശനത്തിന് അനുമതി നല്കണം' എന്നാണ് സിദ്ദു കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
2018 ഓഗസ്റ്റില്‍ സിദ്ദു, ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനില്‍ പോയപ്പോഴാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി എന്ന ആശയം ഒരുപാട് കാലത്തിനു ശേഷം വീണ്ടും ചര്‍ച്ചയായത്. പിന്നീടത് പ്രാവര്‍ത്തികമാകുകയും ചെയ്തു. ഇടനാഴി തുറക്കുന്ന ദിവസം, ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്. കര്‍ത്താര്‍പൂര്‍ തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ പാക് നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍റെ പുതിയ അറിയിപ്പ് ട്വിറ്ററിലൂടെ പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam