
ദില്ലി: ശ്രീരാമന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. അതുകൊണ്ടാണ് പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച് അവർ ഒന്നും പറയാത്തതെന്നും മാലിക് പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചത് പോലെ പള്ളി പണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്ന എൻസിപി നേതാവ് ശരദ് പവാറിന്റെ ആവശ്യത്തിന് പിന്നാലെയാണ് മാലിക്കിന്റെ പ്രസ്താവന.
”രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് പറഞ്ഞത് സത്യമാണ്. എന്നാൽ, അതോടൊപ്പം പള്ളിക്ക് മറ്റൊരു സ്ഥലത്തിന് കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. എല്ലാവര്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, രാമന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. അതിനാൽ അയോദ്ധ്യയിൽ പള്ളി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രഖ്യാപനവും അവർ പുറപ്പെടുവിക്കുന്നില്ല,”-നവാബ് മാലിക് വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Read Also: അയോധ്യയില്‍ പള്ളി നിര്‍മാണത്തിനും സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം; ആവശ്യവുമായി എന്‍സിപി
മരിക്കണമെന്നുറപ്പിച്ച് വരുന്നവര്‍ ജീവിച്ചിരിക്കുന്നതെങ്ങനെയാണ് എന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെയും മാലിക് വിമര്‍ശനം ഉന്നയിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് ആദിത്യനാഥിന്റെ ഇത്തരം പ്രസ്താവനയെ അംഗീകരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നാണ് സുപ്രീകോടതി പറയുന്നത്. പക്ഷേ അതിന് വിപരീതമായാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിവെച്ചിരിക്കുന്നത്. ജനറല്‍ ഡയറിനെപ്പോലെയാണ് യോഗി പെരുമാറുന്നതെന്നും അത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മാലിക് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam