
ദില്ലി: അയോധ്യകേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി(എന്‍ബിഎസ്എ) മാധ്യമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കേസിനെയും വിധിയെയും സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്പര്‍ധ ഒഴിവാക്കുന്നതിനായാണ് എന്‍ബിഎസ്എ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
അയോധ്യക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പള്ളി തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്നും എന്‍ബിഎസ്എ നിര്‍ദേശിക്കുന്നു. വിധിപ്രസ്താവത്തെ തുടര്‍ന്നുള്ള ആഘോഷങ്ങളും സംപ്രേക്ഷണം ചെയ്യരുത്. അയോധ്യ കേസുമായി ബന്ധപ്പെട്ട് നടത്തുന്ന ചാനല്‍ ചര്‍ച്ചകളില്‍ തീവ്രപരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും എന്‍ബിസിഎ വ്യക്തമാക്കുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍
1. കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് സെന്‍സേഷണലും പ്രശ്നങ്ങളുണ്ടാക്കുന്നതുമായ തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. കോടതി നടപടികളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.
2. കൃത്യവും വസ്തുതാപരവുമായ റിപ്പോര്‍ട്ടാണ് കേസ് സംബന്ധിച്ച് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടറും എഡിറ്ററും ഉറപ്പ് വരുത്തണം. സുപ്രീം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. വാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വസ്തുത ഉറപ്പുവരുത്തണം.
3. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും പള്ളി പൊളിക്കുന്ന ചിത്രങ്ങള്‍/ദൃശ്യങ്ങള്‍ എന്നിവ നല്‍കരുത്.
4. വിധി പ്രസ്താവത്തിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍/ ദൃശ്യങ്ങള്‍ എന്നിവ പ്രചരിപ്പിക്കരുത്.
5. ചര്‍ച്ചകളിലെ തീവ്രമായ നിലപാടുകള്‍ സംപ്രേക്ഷണം ചെയ്യരുത്.
ബുധനാഴ്ചയാണ് അയോധ്യക്കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും മുമ്പ് വിധി പറയുമെന്നാണ് സൂചന. വിധിയെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam