മോദിയേക്കാള്‍ വിദേശ യാത്രകള്‍ നടത്തിയത് മന്‍മോഹന്‍ സിംഗ്? അമിത് ഷായുടെ വാദം തെറ്റെന്ന് രേഖകള്‍

By Web TeamFirst Published Oct 16, 2019, 5:58 PM IST
Highlights

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ അത്രയും വിദേശ യാത്രകള്‍ നരേന്ദ്ര മോദി നടത്തിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ അവകാശ വാദം.

ദില്ലി: ബിജെപിയുടെ യൂ ട്യൂബ് ചാനലില്‍ അപ്‍ലോഡ് ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അമിത് ഷാ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ബിജെപി പ്രചരിപ്പിച്ചത്. എന്നാല്‍, രേഖകള്‍ പരിശോധിക്കുമ്പോള്‍ തെറ്റായ വിവരങ്ങളാണ് അമിത് ഷാ പറഞ്ഞതെന്ന് വ്യക്തം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ അത്രയും വിദേശ യാത്രകള്‍ നരേന്ദ്ര മോദി നടത്തിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ അവകാശ വാദം. ''ഒരു കോണ്‍ഗ്രസ് നേതാവ് പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും വിദേശ യാത്രയിലാണെന്ന്. എന്നാല്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെയും നരേന്ദ്ര മോദിയുടെയും അഞ്ച് വര്‍ഷത്തെ യാത്രകള്‍ പരിശോധിച്ചപ്പോള്‍ നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയത് മന്‍മോഹന്‍ സിംഗാണെന്ന് വ്യക്തമായി''-എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.

ബിജെപി പ്രവര്‍ത്തകരും അനുകൂലികളും വലിയ രീതിയിലാണ് അമിത് ഷായുടെ പ്രസംഗം പ്രചരിപ്പിച്ചത്. എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമമായ ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ അമിത്ഷായുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമായി. പ്രൈം മിനിസ്റ്റര്‍ ഓഫിസ്(പിഎംഒ) വെബ്സൈറ്റില്‍ നല്‍കിയ രേഖകള്‍ പ്രകാരം ഇരുവരുടെയും ആദ്യ കാലയളവില്‍ മന്‍മോഹന്‍ സിംഗിനേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയതും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും നരേന്ദ്ര മോദിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 


മന്‍മോഹന്‍ സിംഗിന്‍റെ വിദേശ യാത്രകള്‍

ഒന്നാം യുപിഎ അധികാരത്തിലേറിയ 2004-2009വരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് 35 വിദേശ യാത്രകളാണ് നടത്തിയത്. 28 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആദ്യ യാത്ര തായ്‍ലന്‍ഡിലേക്കും അവസാന യാത്ര ജി 20 ഉച്ചകോടിക്കായി ബ്രിട്ടനിലേക്കും. രണ്ടാം യുപിഎ കാലയളവില്‍ (2009-2014) 38 വിദേശ യാത്രകള്‍ നടത്തി. 35 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മൊത്തം രണ്ട് കാലയളവിലായി 63 വിദേശ യാത്രകളാണ് മന്‍മോഹന്‍ സിംഗ് നടത്തിയത്.  

മോദിയുടെ വിദേശ യാത്രകള്‍

2014ല്‍ അധികാരത്തിലേറിയ ശേഷം 2019 ഒന്നാം സര്‍ക്കാര്‍ കാലയളവ് പൂര്‍ത്തിയാക്കും വരെ നരേന്ദ്ര മോദി 49 വിദേശ യാത്രകള്‍ നടത്തിയെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. ആദ്യ യാത്ര ഭൂട്ടാനിലേക്കും അവസാന യാത്ര 2019 ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലേക്കും. 49 വിദേശ യാത്രകളിലായി 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 

2004-2009 കാലയളവില്‍ മന്‍മോഹന്‍ സിംഗ് 147 ദിവസം വിദേശത്ത് ചെലവഴിച്ചപ്പോള്‍ മോദി 186 ദിവസമാണ് ചെലവഴിച്ചത്. രണ്ടാം കാലയളവില്‍ മന്‍മോഹന്‍ സിംഗ് 158 ദിവസം വിദേശത്ത് ചെലവഴിച്ചു. രേഖകള്‍ പരിശോധിക്കുമ്പോള്‍ ആദ്യ കാലയളവില്‍ മന്‍മോഹന്‍ സിംഗ് നടത്തിയതിനേക്കാള്‍ അധികമായി 14 വിദേശ യാത്രകളാണ് നരേന്ദ്ര മോദി നടത്തിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫിസ് വെബ്സൈറ്റില്‍ പറയുന്ന രേഖകളെ പരിഗണിക്കാതെ വസ്തുതാ വിരുദ്ധമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായുടെ പ്രസ്താവന. 

 

click me!