
ദില്ലി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. ശുപാർശ ലഭിച്ചുവെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എൻസിഇആർടി അധികൃതർ പ്രതികരിച്ചു.
ചരിത്ര പുസ്തകങ്ങളിൽ കൂടൂതൽ കാര്യങ്ങൾ ഉൾപ്പെടുത്താനാണ് മാറ്റമെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്തും. മാർത്താണ്ഡ വർമ്മയുടെ ചരിത്രവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തതെന്നും ഐസക് പറഞ്ഞു. രാഷ്ട്രീയ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam