ആദിത്യ വേണ്ട, ഉദ്ധവ് മുഖ്യമന്ത്രിയാവണം; മഹാരാഷ്ട്രയിൽ പിന്തുണയ്ക്കുള്ള എൻസിപിയുടെ ഉപാധി

By Web TeamFirst Published Nov 11, 2019, 2:49 PM IST
Highlights

ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകുകയോ മറ്റേതെങ്കിലും മുതിർന്ന നേതാവ് മുഖ്യമന്ത്രിയാകുകയോ വേണമെന്നാണ് എൻസിപി ആവശ്യപ്പെടുന്നത്. ഇക്കാര്യം ശരത് പവാർ ഉദ്ധവ് താക്കറയെ അറിയിച്ചു.

മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലെത്താൻ ശിവസേനയെ പിന്തുണയ്ക്കാൻ എൻസിപി കോർ കമ്മിറ്റി യോഗത്തിൽ ധാരണയായെന്ന് സൂചന. കോൺഗ്രസിന്‍റെയും കൂടി തീരുമാനം അറിഞ്ഞ ശേഷം ഔദ്യോഗിക പ്രഖ്യാപനം മതിയെന്നാണ് തീരുമാനം. എന്നാൽ ആദിത്യ താക്കറെ മുഖ്യമന്ത്രിയാവുന്നതിനോട് എൻസിപിക്ക് താൽപര്യമില്ല. ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നാണ് എൻസിപി നിലപാട്, അതല്ലെങ്കിൽ മറ്റേതെങ്കിലും മുതിർന്ന നേതാവിന് അവസരം നൽകണമെന്നാണ് നിർദ്ദേശം. ഈ ആവശ്യം പവാർ ഉദ്ധവ് താക്കറയെ അറിയിച്ചു, ഇപ്പോൾ താജ് ഹോട്ടലിൽ ശരത് പവാറും ഉദ്ധവ് താക്കറെയും തമ്മിൽ ചർച്ച നടത്തി. 

ശിവസേന-എന്‍സിപി സഖ്യം ഉണ്ടായാല്‍ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം ആയി എന്നാണ് പുറത്തുവരുന്ന വിവരം. നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ശരത് പവാറുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിയ ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

മഹാരാഷ്ട്രയിൽ ബിജെപിക്ക് എതിരെയുള്ള സർക്കാരിൽ ഭാഗമാകണമെന്ന് മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഒരുവിഭാഗം കോൺഗ്രസ്‌ എംഎല്‍എ മാർ സോണിയ ഗാന്ധിക്ക് കത്തയച്ചു. ശിവസനേയുടെ മോദി കേന്ദ്ര മന്ത്രിസഭാ അംഗമായ അരവിന്ദ് സാവന്ത് മന്ത്രി സഭയിൽ നിന്നുള്ള രാജി അറിയിച്ചു കഴിഞ്ഞു. 

click me!