പ്രതിപക്ഷ നേതൃപദവി; കോൺഗ്രസുമായി ലയനമില്ല, വാർത്തകൾ തള്ളി എൻസിപി

By Web TeamFirst Published May 31, 2019, 12:25 PM IST
Highlights

രണ്ട് പാർട്ടികൾ തമ്മിലുള്ള  സഹകരണം ഇനിയും തുടരുമെങ്കിലും മറ്റ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എൻസിപി വക്താവ് നവാബ് മാലിക് പറഞ്ഞു.
 

മുംബൈ: എൻസിപി-കോൺഗ്രസ് ലയന  വാർത്തകൾ തള്ളി എൻസിപി വക്താവ് നവാബ് മാലിക്.  ശരത് പവാർ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ ലയനം ചർച്ച ചെയ്തിട്ടില്ല. രണ്ട് പാർട്ടികൾ തമ്മിലുള്ള  സഹകരണം ഇനിയും തുടരുമെങ്കിലും
 മറ്റ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നവാബ് മാലിക് പറഞ്ഞു.

എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തളളിക്കൊണ്ട് ശരത്പവാറും രംഗത്തെത്തിയിരുന്നു. മഹാരാഷട്രയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസ്ഥാനത്തെ കടുത്ത വരൾച്ചയെക്കുറിച്ചുമാണ് രാഹുലുമായി ചർച്ച നടത്തിയതെന്നായിരുന്നു പവാറിന്‍റെ വിശദീകരണം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകവെയാണ് രാഹുൽ  ശരദ് പവാറിന്‍റെ ദില്ലിയിലെ വീട്ടിലെത്തി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്.

ഇതോടെയാണ് കോൺഗ്രസും എൻസിപിയും ലയിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നത്. എന്‍സിപി ലയിച്ചാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാം. 

എന്‍സിപി- കോണ്‍ഗ്രസ് ലയനമായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യഅജന്‍ഡയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ശരത് പവാര്‍ രാഹുലിനോട് ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

1999-ല്‍ സോണിയാഗാന്ധിയുടെ വിദേശ പൗരത്വം വിഷയമാക്കിയാണ് ശരത് പവാര്‍, പി എ സാങ്മ, താരീഖ് അന്‍വർ എന്നീ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത്. ഇവര്‍ പിന്നീട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.  ആദ്യം കോണ്‍ഗ്രസുമായി അകന്ന് നിന്നെങ്കിലും പിന്നീട് എന്‍സിപി, യുപിഎയുടെ നിര്‍ണായക ഭാഗമാകുകയായിരുന്നു.  

click me!