കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിക്ക് ഓക്സിജൻ നൽകാൻ ശ്രമം, എൻഡിആർഎഫ് എത്തി

By Web TeamFirst Published Oct 26, 2019, 9:25 AM IST
Highlights

ഉടന്‍ തന്നെ കുട്ടിയെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. മെഡിക്കൽ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

തിരുച്ചിറപ്പള്ളി: തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും എസ്‍ഡിആര്‍എഫ് അംഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. കുട്ടിക്ക് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമമാണ് തുടരുന്നത്. ഉടന്‍ തന്നെ കുട്ടിയെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. മെഡിക്കൽ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

സമാന്തരമായി മറ്റൊരു കിണര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ  പാറയിൽ ഇളക്കം തട്ടിയതിനെ തുടർന്ന് കുട്ടി കൂടുതല്‍ താഴ്‍ചയിലേക്ക് വീണിരുന്നു. ഇപ്പോൾ 68  അടി താഴ്ച്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. നേരത്തെ 26 അടി താഴ്‍ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ഇതോടെ സമാന്തരമായി കിണറുണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിയ നിലയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയർത്താനായിരുന്നു ആദ്യശ്രമം. പിന്നീട് ഈ ശ്രമം പ്രാവര്‍ത്തികമല്ലെന്ന് കണ്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കുഴൽക്കിണറിന് സമീപം കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരൻ കിണറിലേക്ക് വീണത്.
 

click me!