Latest Videos

NEET PG : നീറ്റ് പിജി; ഒബിസി സംവരണം അംഗീകരിച്ച് സുപ്രീം കോടതി, മുന്നോക്ക സംവരണം ഈ വർഷം നടത്താം

By Web TeamFirst Published Jan 7, 2022, 11:00 AM IST
Highlights

ഉത്തരവോടെ കോടതി നടപടികളിൽ കുരുങ്ങിക്കിടന്ന ഈ വർഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്.


ദില്ലി: നീറ്റ് പിജി ഒബിസി സംവരണം (OBC Reservation) സുപ്രീം കോടതി (Supreme Court) അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി. എന്നാൽ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ വ‌ർഷത്തെ നീറ്റ് പിജി കൗൺസിലിംഗുമായി മുന്നോട്ട് പോകാൻ ഇതോടെ അനുമതിയായിരിക്കുകയാണ്.  മുന്നോക്ക സംവരണ കേസ് മാർച്ച് മൂന്ന് സുപ്രീം കോടതി വിശദമായി വാദം കേൾക്കും. 

ഉത്തരവോടെ കോടതി നടപടികളിൽ കുരുങ്ങിക്കിടന്ന ഈ വർഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്.  മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ ഈ വര്‍ഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൽ കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോടതി വാദം കേട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് ഉത്തരവിറക്കുന്നത്. 

പിജി പ്രവേശനത്തിനായി കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ ഭാവി കണക്കിലെടുത്താണ് സുപ്രീംകോടതി തീരുമാനം. ഈ വര്‍ഷത്തേക്ക് നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മുന്നോക്ക സംവരണം നൽകി നീറ്റ് പിജി കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. മുന്നോക്ക സംവരണത്തിനുള്ള ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി ഈ വര്‍ഷത്തേക്ക് എട്ട് ലക്ഷം രൂപ തന്നെയായിരിക്കും.  സംവരണ മാനദണ്ഡങ്ങളിൽ ഈ വര്‍ഷം മാറ്റങ്ങൾ നടപ്പാക്കാനാകില്ല എന്ന പാണ്ഡെ സമിതി ശുപാര്‍ശ കോടതി അംഗീകരിച്ചു. 

അതേസമയം മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കാൻ കോടതി തീരുമാനിച്ചു. അതിനായി മാര്‍ച്ച് മാസത്തിൽ കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെഡിക്കൽ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണം ബാധകമാക്കിയ തീരുമാനം ശരിവെച്ചു കൂടിയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. 27 ശതമാനം ഒബിസി സംവരണവും 10 ശതമാനം മുന്നോക്ക സംവരണവും മെഡിക്കൽ പ്രവേശനത്തിന് കൂടി ബാധകമാക്കാൻ കഴിഞ്ഞ ജൂലായ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഒബിസി സംവരണത്തിനെന്ന പോലെ മുന്നോക്ക സംവരണത്തിനും എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചതായിരുന്നു സുപ്രീംകോടതി ചോദ്യം ചെയ്തത്. 

വരുമാന പരിധി പുനഃപരിശോധിക്കുമെന്ന് ഉറപ്പുനൽകിയ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധസമിതിക്ക് രൂപം നൽകി. വിദഗ്ധ സമിതി ശുപാര്‍ശ അനുസരിച്ച് ഈ വര്‍ഷത്തേക്ക് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും, മാറ്റങ്ങൾ അടുത്ത വര്‍ഷം മുതൽ നടപ്പാക്കാമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്. തൽക്കാലം ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം.

click me!