
ദില്ലി: നീറ്റ് പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് ബിഹാര്‍ പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. വിദ്യാര്‍ത്ഥികളടക്കം 13 പേര്‍ ബിഹാറില്‍ ഇതിനോടകം അറസ്റ്റിലായി. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്.
തുടക്കം മുതല്‍ ഉയര്‍ന്ന സംശയത്തിനാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. 30 ലക്ഷം രൂപ വരെ നല്‍കി വിദ്യാര്‍ത്ഥികള്‍ ചോദ്യ പേപ്പര്‍ നേരത്തെ കൈവശപ്പെടുത്തിയിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിഹാറില്‍ അന്വേഷണം നടന്നത്. ഉയര്‍ന്ന സ്കോര്‍ നേടിയ വിദ്യാര്‍ത്ഥികളില്‍ ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
4 വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും, ഇടനിലക്കാരെയുമുള്‍പ്പടെ 13 പേരെയാണ് അറസ്ററ് ചെയ്തത്. ചോദ്യ പേപ്പര്‍ കൈമാറിയവര്‍ക്ക് നല്‍കിയ ചെക്ക് ലീഫുകളും കണ്ടെടുത്തിട്ടുണ്ട്. 7 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ബിഹാറില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്. യുപിയിലും മഹാരാഷ്ട്രയിലും ഓരോ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി.
ഹരിയാനയിലും, ഗുജറാത്തിലും ക്രമക്കേട് നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കിയവരെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പുകാരായ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തന്നെ സംശയത്തിന്‍റെ നിഴലിലാണ്. അന്വേഷണത്തിന്‍റെ ഭാഗമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചില ചോദ്യങ്ങള്‍ ബിഹാര്‍ പോലീസ് ചോദിച്ചിട്ടുണ്ട്.
ആദ്യ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ വീണ്ടും ചോദ്യാവലി നല്‍കിയിരിക്കുകയാണെന്ന് ബിഹാര്‍ പോലീസ് വ്യക്തമാക്കി.ചോദ്യ പേപ്പര്‍ ചോര്‍ച്ച അന്വേഷണ ഏജന്‍സി തന്നെ സ്ഥിരീകരിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിമര‍്ശനം കടുപ്പിച്ചു. സര്‍ക്കാരിന്‍റെയും ദേശീയ ടെസ്റ്റിഗ് ഏജന്‍സിയുടെയും മുഖം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam