
ദില്ലി : നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു.
പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗ്രോധ എന്നിവിടങ്ങളിൽ ഒതുകുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നത്. തെറ്റായ കാര്യങ്ങൾ ചില വിദ്യാർത്ഥികൾ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളിൽ മാത്രമാണ്. ഇത് പൂർണ്ണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ലെന്നും എൻടിഎ പറയുന്നു. റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപകാതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിവരം. പരീക്ഷയുടെ പവിത്രതയ്ക്കേറ്റ കളങ്കം മറികടക്കാൻ ആകുന്നില്ലെങ്കിൽ പുനഃപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam