
അമൃത്‍സർ: നെഹ്റു കുടുംബം തന്നെ സിഖ് സമുദായക്കാരുടെ ശത്രുക്കളാണെന്ന വിവാദപരാമർശവുമായി കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ. നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെ സിഖ് സമുദായക്കാർക്കെതിരായ നടപടികൾക്ക് ചുക്കാൻ പിടിച്ചവരാണെന്നാണ് ഹർസിമ്രത് കൗർ ബാദലിന്‍റെ ആരോപണം. അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ് ഹർസിമ്രത് കൗർ ബാദൽ.
സ്വാതന്ത്ര്യത്തിന് ശേഷം പഞ്ചാബിനെ വിഭജിച്ചത് ജവഹർ ലാൽ നെഹ്‍റുവാണ്. നെഹ്റുവിന് ശേഷം ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി. ഇന്ദിര വന്നതും സുവർണ ക്ഷേത്രം ആക്രമിച്ചു. ആയിരക്കണക്കിന് സിഖുകാരെ കൊന്നു. ഇന്ദിരയുടെ മരണശേഷം വന്ന രാജീവ് ഗാന്ധി സിഖുകാരെ കൂട്ടക്കൊല നടത്തിയതിന് ചുക്കാൻ പിടിച്ചു. അതിൽ മരിച്ചത് പതിനായിരക്കണക്കിന് സിഖുകാരാണ്.
ഇപ്പോഴാകട്ടെ രാജീവ് ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധി സംസാരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷയിലാണെന്നാണ് ബാദലിന്‍റെ ആരോപണം. 84-ൽ നടന്ന സിഖ് കൂട്ടക്കൊലയ്ക്ക് ഇപ്പോഴാണ് നീതി ലഭിക്കുന്നത്. സിഖുകാരോട് ബിജെപിക്ക് തന്നെ വോട്ടു ചെയ്യണമെന്ന് ബാദൽ ആവശ്യപ്പെടുന്നു. ഇപ്പോൾ പ്രധാനമന്ത്രിക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസ് പഴയ കേസുകളെല്ലാം അട്ടിമറിക്കുമെന്നും ബാദൽ പറയുന്നു.
ജാതിമതവിഷയങ്ങൾ ഉന്നയിച്ച് വോട്ടുപിടിക്കരുതെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശനനിർദേശം നിലനിൽക്കുമ്പോഴാണ് ബാദലിന്‍റെ പരാമർശം. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമോ എന്ന് കണ്ടറിയണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam