
ജയ്പൂർ: രാജസ്ഥാനിലെ ഖൈർത്തൽ-തിജാരയിൽ വാടകവീട്ടിലെ ഡ്രമ്മിനുള്ളിൽ അഴുകിയ നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ ഭാര്യയും അവരുടെ കാമുകനും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സുനിതയും കെട്ടിട ഉടമയുടെ മകനായ ജിതേന്ദ്രയും മൂന്ന് കുട്ടികളോടൊപ്പം ശനിയാഴ്ച മുതൽ ഒളിവിലായിരുന്നു.
വീടിന്റെ ടെറസ്സിൽ നീല നിറത്തിലുള്ള ഡ്രമ്മിനുള്ളിലാണ് ഹൻസ്റാമിൻ്റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയത്. അയൽക്കാർ ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിച്ചതായി കണ്ടെത്തി. മൃതദേഹം വേഗത്തിൽ അഴുകാതിരിക്കാൻ ഉപ്പ് പുരട്ടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശിയായ ഹൻസ്റാം ഭാര്യക്കും കുട്ടികൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഒരു ഇഷ്ടികക്കളത്തിൽ ജോലി ചെയ്തിരുന്ന ഇവർ കഴിഞ്ഞ രണ്ട് മാസമായി ഈ വാടകമുറിയിലാണ് താമസം. ഹൻസ്റാം മദ്യത്തിന് അടിമയായിരുന്നെന്നും പലപ്പോഴും ജിതേന്ദ്രയുമൊത്ത് മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ജിതേന്ദ്രയുടെ ഭാര്യ 12 വർഷം മുൻപ് മരിച്ചിരുന്നു.
ഈ സംഭവം ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന ഒരു ഡ്രം' കൊലപാതകത്തിന് സമാനമായിരുന്നു. മാർച്ചിൽ മുസ്കാൻ രാഷ്ട്രോഗിയും അവരുടെ കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് ഭർത്താവ് സൗരഭ് രാജ്പുത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി സിമൻ്റിട്ട നീല ഡ്രമ്മിൽ അടക്കം ചെയ്തതായിരുന്നു അന്നത്തെ കേസ്