'തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല', പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് അമരീന്ദർ സിംഗ്

By Web TeamFirst Published Nov 2, 2021, 9:36 PM IST
Highlights

ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷയ്ക്കയച്ച കത്ത് അമരീന്ദർ സിംഗ് പുറത്തുവിട്ടത്. ഏഴ് പേജുള്ള രാജിക്കത്തിൽ കോൺഗ്രസിനെതിരെയും നേതാക്കൾക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കുന്നുണ്ട്. 

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോൺഗ്രസിൽ (Congress) നിന്ന് പുറത്തുവന്ന അമരീന്ദർ സിംഗ് (Amarinder Singh) പുതിയ പാർട്ടിയുടെ പേരും പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോൺഗ്രസ് (Punjab Lok Congress) എന്നാണ് പേര്. അതേസമയം താൻ തളർന്നിട്ടില്ലെന്നും വിരമിച്ചിട്ടില്ലെന്നും പഞ്ചാബിലെ ജനങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും അദ്ദേഹം സോണിയാ ഗാന്ധിക്കെഴുതിയ കത്തിൽ പറഞ്ഞു. ഞാൻ സൈനികനായി തുടരാനാണ് ഉദ്ദേശിക്കുന്നത്, മാഞ്ഞുപോകാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷയ്ക്കയച്ച കത്ത് അമരീന്ദർ സിംഗ് പുറത്തുവിട്ടത്. ഏഴ് പേജുള്ള രാജിക്കത്തിൽ കോൺഗ്രസിനെതിരെയും നേതാക്കൾക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടും. 

"നിങ്ങളുടെയും എന്റെ സ്വന്തം മക്കളെപ്പോലെ ഞാൻ ഇപ്പോഴും അഗാധമായി സ്നേഹിക്കുന്ന നിങ്ങളുടെ കുട്ടികളുടെയും പെരുമാറ്റം എനിക്ക് ശരിക്കും വേദനിച്ചു. 1954 ൽ ഞങ്ങൾ ഒരുമിച്ച് സ്‌കൂളിൽ  പോയിരുന്ന കാലം മുതൽ, ഇപ്പോൾ  67 വർഷമായി, അവരുടെ അച്ഛനെ എനിക്കറിയാവുന്നതാണ്... " - അമരീന്ദർ സിംഗ് കുറിച്ചു. “കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ അനുഭവത്തിലൂടെ കടന്നുപോകുന്നതുകൊണ്ട് മറ്റൊരു മുതിർന്ന കോൺഗ്രസുകാരനും ഞാൻ നേരിട്ട അപമാനത്തിന് സമാനമായൊന്ന് അനുഭവിച്ചുകാണില്ലെന്ന് കരുതുന്നു” - - സിംഗ് കൂട്ടിച്ചേർത്തു.

pic.twitter.com/FDWP5pjn1V

— Capt.Amarinder Singh (@capt_amarinder)

നീക്കം ബിജെപിയിലേക്കെന്ന് സൂചന

നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് നീക്കം. നവ്ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ പറഞ്ഞു. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധി വെച്ചിരുന്നു.

കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിന്‍റെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് അമരീന്ദറിന്‍റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാൻഡ് വന്‍ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്.

ഇതുവരേയും ഞാൻ കോണ്ഗ്രസിലായിരുന്നു. പക്ഷേ ഇനി ഞാൻ കോണ്ഗ്രസിലുണ്ടാവില്ല. മര്യാദക്കെട്ട രീതിയിലാണ് പാർട്ടിയിൽ എന്നെ പരിഗണിക്കുന്നത് -   എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷമുള്ള അമരീന്ദർ സിം​ഗിന്റെ പ്രതികരണം. 

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർസിംഗിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡ് നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. മുതിർന്ന നേതാക്കളായ അംബികാ സോണിയും കമൽനാഥും അമരീന്ദറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം പാർട്ടി വിട്ട് പോകുന്നത് തടയാനുള്ള ശ്രമത്തിലായിരുന്നു നേതൃത്വം. എന്നാൽ കോൺഗ്രസ് വിട്ട അമരീന്ദർസിംഗ് പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ചിഹ്നം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷകസമരം തീർക്കാൻ നീക്കം?

കോണ്‍ഗ്രസിന് വെല്ലുവിളിയായിട്ടാണ് അമരീന്ദര്‍സിംഗിന്‍റെ പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി പ്രഖ്യാപിച്ച ക്യാപ്റ്റന്‍ തൊട്ടു പിന്നാലെ വണ്ടി കയറിയത് അമിത്ഷായെ കാണാനാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യത്തിന് അമരീന്ദര്‍ ചരട് വലി തുടങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ ചുവടുറപ്പിക്കാന്‍ അമരീന്ദര്‍ സിംഗിനെ പാലമാക്കാമെന്ന് ബിജെപിയും കണക്ക് കുട്ടുന്നു. 

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക സമരം തീര്‍ത്താല്‍ സഖ്യത്തിന് അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്നാണ് അമിത്ഷായുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയില്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയത്. കര്‍ഷക സമരം തീര്‍പ്പായാല്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പിന്നാലെ അമരീന്ദര്‍സിംഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത മാസത്തോടെ ചില കര്‍ഷക സൗഹൃദ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വരുമെന്ന സൂചകളും നിലവിലുണ്ട്. 

അതേ സമയം പഞ്ചാബില്‍ നടന്ന പാര്‍ട്ടി സര്‍ക്കാര്‍ പുനസംഘടനകളില്‍ കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. ഇവരില്‍ ചിലര്‍ അമരീന്ദര്‍ സിംഗിനൊപ്പം നീങ്ങിയേക്കുെമെന്ന സൂചന കിട്ടിയതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് അനുനയ നീക്കം തുടങ്ങി. നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. 

click me!