
ദില്ലി: പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് (Bypoll) നടന്ന നാല് സീറ്റുകളിലും തൃണമൂൽ കോൺഗ്രസിന് (Trinamool Congress) വൻ വിജയം. ബിജെപിയുടെ (BJP) രണ്ട് സിറ്റിംഗ് സീറ്റുകൾ തൃണമൂൽ പിടിച്ചെടുത്തു. കർണ്ണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ബിജെപിയും രണ്ടാമത്തെ സീറ്റിൽ കോൺഗ്രസും (Congress) വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ഹങ്ഗാളിലാണ് കോൺഗ്രസ് വിജയം. മനേ ശ്രീനിവാസ് 7373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് നേടിയത്. സിന്ദാഗി മണ്ഡലത്തിൽ ബിജെപി വിജയിച്ചു
പശ്ചിമബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തൃണമൂൽ നൽകിയിരിക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ദിൻഹാട്ടയിൽ 1,63,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ വിജയം. ഗോസാബയിലാകട്ടെ 1,43,051 വോട്ടാണ് ഭൂരിപക്ഷം. സിറ്റിംഗ് സീറ്റായ ഖർദാഹ 93,832 വോട്ടിനാണ് തൃണമൂൽ നിലനിർത്തിയത്.
ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് അസംബ്ലി സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ഫത്തേപ്പൂർ, അർകി, ജുബ്ബാൽ-കോട്ഖായ് സീറ്റുകളിലാണ് വിജയം. രാജസ്ഥാനിൽ ധരിയാവാദ് അസംബ്ലി സീറ്റും കോൺഗ്രസ് നേടി. അസമിലെ തോവ്റ, ഭബാനിപുർ, മരിയാനി സീറ്റുകളിൽ ബിജെപി വിജയിച്ചു.
മൂന്ന് ലോകസഭാ സീറ്റുകളിലേക്കും 29 അസംബ്ലി മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam