'പരാതി മാധ്യമങ്ങളിലൂടെ പറയരുത്'; ദില്ലിയില്‍ നേഴ്സുമാര്‍ക്ക് കര്‍ശന നിര്‍ദേശം

By Web TeamFirst Published Apr 22, 2020, 8:46 AM IST
Highlights

ആരോഗ്യ പ്രവര്‍ത്തകര്‍ പരസ്യ പ്രതികരണങ്ങളുമായെത്തുന്നത് സര്‍ക്കാരിന് ക്ഷീണമെന്ന് വിലയിരുത്തിയാണ് ഇത് വിലക്കി ആശുപത്രികള്‍ സര്‍ക്കുലര്‍ ഇറക്കിയത്. പരാതി പറയാന്‍ സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കരുത്. 

ദില്ലി: ലോക്ക്ഡൗണില്‍ കുടുങ്ങിയ കൂടുതലാളുകള്‍ക്ക് സൗജന്യ റേഷനുമായി ദില്ലി സര്‍ക്കാർ. റേഷന്‍ കാര്‍ഡില്ലാത്ത മുപ്പത് ലക്ഷം പേര്‍ക്കുകൂടി റേഷന്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അറിയിച്ചു. ദില്ലിയില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഭക്ഷണമെത്തുന്നില്ലെന്ന പരാതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതലാളുകള്‍ക്ക് റേഷന്‍ നല്‍കാനുള്ള ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം. റേഷൻ കാർഡ് ഇല്ലാത്തവർക്കായി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും രണ്ടായിരം ഭക്ഷ്യ കൂപ്പണ്‍ വീതം നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. അതേസമയം, മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരെ പരിശോധിക്കുന്നതിനായി പ്രത്യേക കേന്ദ്രമൊരുക്കിയെന്നും കേജ്‍രിവാള്‍ അറിയിച്ചു.

ദില്ലിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നാളെ തുടങ്ങും. എന്നാല്‍, കൊവിഡ്  പ്രതിസന്ധികള്‍ക്കിടെ നേഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ പരാതി പറയരുതെന്ന് നഴ്സുമാര്‍ക്ക് ആശുപത്രികള്‍ ഇതിനിടെ നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ പരസ്യ പ്രതികരണങ്ങളുമായെത്തുന്നത് സര്‍ക്കാരിന് ക്ഷീണമെന്ന് വിലയിരുത്തിയാണ് ഇത് വിലക്കി ആശുപത്രികള്‍ സര്‍ക്കുലര്‍ ഇറക്കിയത്.

പരാതി പറയാന്‍ സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കരുത്. ആക്ഷേപമുണ്ടെങ്കില്‍ വകുപ്പ് മേധാവികളെയോ ബന്ധപ്പെട്ടവരെയോ അറിയിക്കണമെന്നും ആശുപത്രികള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. 76 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് തലസ്ഥാന മേഖലയില്‍ രോഗം ബാധിച്ചത്. അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ദില്ലി പട്പര്‍ഗഞ്ച് മാക്സ് ആശുപത്രിയിലെ രോഗ ബാധിതരായ മലയാളി നേഴ്സുമാരുടെ എണ്ണം എട്ടായി.

എല്‍എന്‍ജെപി ആശുപത്രിയിലെ ഗര്‍ഭിണിയായ മലയാളി നേഴ്സിന് രോഗം ഭേദമായി. ഇവരുടെ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. രാഷ്ട്രപതിഭവനിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കപ്പട്ടികയിലുള്ള 125 പേരെ നിരീക്ഷണത്തിലാക്കി.

തലസ്ഥാനത്തെ 84 തീവ്രബാധിത മേഖലകളിലൊന്നായ നബി കരിം പ്രദേശത്തെ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ‍് സ്ഥിരീകരിച്ചു.ദില്ലിയില്‍ വന്നുപോകുന്ന നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉത്തര്‍പ്രദേശ് അതിര്‍ത്തി ജില്ലയായ ഗാസിയാബാദിൽ യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തി. 

click me!