കണ്ണുതുറന്ന് ജനിച്ച മനുഷ്യര്‍ മാംസാഹാരം കഴിക്കരുത്, കുട്ടികളെക്കൊണ്ട് ശപഥം ചെയ്യിച്ച് ബിജെപി നേതാവ്

By Web TeamFirst Published Jan 4, 2020, 11:24 PM IST
Highlights

മൃഗങ്ങള്‍ ജനിക്കുന്നത് കണ്ണടച്ച്, മനുഷ്യര്‍ ജനിക്കുന്നത് കണ്ണുതുറന്ന്, മാംസാഹാരം കഴിക്കാന്‍ പാടില്ലെന്നതിന് വിശദീകരണം നല്‍കി ബിജെപി നേതാവ്...

അഹമ്മദാബാദ്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിചിത്രവാദവുമായി ഗുജറാത്ത് സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദില്‍ ശ്രീനാരായണ കള്‍ച്ചര്‍ മിഷന്‍ നടത്തുന്ന സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ജീവിതത്തിലൊരിക്കലം മാംസാഹാരം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു അദ്ദേഹം. മാംസാഹാരം ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്നാണ് ഇതിനായി ത്രിവേദി നിരത്തിയ ന്യായം. കണ്ണടച്ച് ജനിച്ചവരെല്ലാം മാംസാഹാരികളാണെന്നും അദ്ദേഹം പറഞ്ഞു. 

'' നമ്മള്‍ ഒരിക്കലും മാംസാഹാരം കഴിക്കരുതെന്നാണ് ഇന്ത്യന്‍ സംസ്കാരം പറയുന്നത്. നമ്മള്‍ സസ്യാഹാരികളായിരിക്കണം. എന്തുകൊണ്ട് ? നമ്മുടെ ഋഷി വര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്; പൂച്ചക്കുട്ടി ജനിക്കുമ്പോള്‍ അതിന്‍റെ കണ്ണുകള്‍ അടഞ്ഞിരിക്കും. പട്ടിക്കുട്ടികള്‍ ജനിക്കുമ്പോഴും കണ്ണുകള്‍ അടഞ്ഞിരിക്കും. കടുവയുടെയും പുലിയുടെയും കുട്ടികള്‍ ജനിക്കുന്നതും അടഞ്ഞ കണ്ണുകളോടെയാണ്. എന്നാല്‍ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നത് കണ്ണുകള്‍ തുറന്നാണ്. അതുകൊണ്ട് നമ്മള്‍ മാംസാഹാരം കഴിക്കരുത്. ഇതാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത്...'' - ത്രിവേദി പറഞ്ഞു. 

ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണനാണെന്ന് പ്രസ്താവിച്ച് നേരത്തേയും വിവാദങ്ങളില്‍ ഇടംനേടിയിരുന്നു ഇദ്ദേഹം. ''60 രാജ്യങ്ങളുടെ ഭരണഘടന പഠനവിധേയമാക്കിയതിന് ശേഷമാണ്  ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത് എന്ന കാര്യം നിങ്ങൾക്കറിയാമോ? ഡോ. ബി. ആർ. അംബേദ്കറിന് ഭരണഘടനയുടെ കരട് നൽകിയത് ആരാണെന്ന് അറിയാമോ? ‌ഭരണഘടനയിൽ അംബേദ്കറിന്റെ പേര് ഏറ്റവും ബഹുമാനത്തോടെയാണ് എല്ലാവരും പരാമർശിക്കുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ (അംബേദ്കറിന്റെ) വാക്കുകളിൽ കരട് രൂപം തയ്യാറാക്കിയത് ബ്രാഹ്മണനായ, ബി എൻ റാവു എന്ന ബെന​ഗൽ നർസിം​ഗ് റാവു ആണ്.'' രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ത്രിവേദിയുടെ ഈ പ്രസ്താവന.

അടുത്തിടെ നൊബേൽ ലഭിച്ച അഭിജിത് ബാനർജിയും ബ്രാഹ്മണനാണ് എന്നായിരുന്നു ത്രിവേദിയുടെ വാക്കുകൾ. കൂടാതെ കഴിഞ്ഞ മാസം ദില്ലിയിലുണ്ടായ തീപിടുത്തത്തിൽ 11 പേരെ രക്ഷപ്പെടുത്തിയ രാജേഷ് ശുക്ല എന്ന ഫയർമാനെക്കുറിച്ചും ത്രിവേദി പരാമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അംബേദ്കറും ബ്രാഹ്മണരാണെന്നും ത്രിവേദി വിവാദ പ്രസ്താവന നടത്തിയിരുന്നു. 

ഗുജറാത്ത് സ്പീക്കറും ബി.ജെ.പി നേതാവുമായ രാജേന്ദ്ര ത്രിവേദി. ശ്രീകൃഷ്ണൻ ഒ.ബി.സിയാണെന്നും ശ്രീരാമൻ ക്ഷത്രിയനാണെന്നും ത്രിവേദി പറഞ്ഞു. തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങൾ നടത്തുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിക്ക് വിളിപ്പിച്ചെന്ന റിപ്പോര്‍ട്ടിനിടെയാണ് ഗുജറാത്ത് സ്പീക്കറുടെ ഈ പരാമർശങ്ങൾ.

click me!