Latest Videos

പാകിസ്ഥാനിലെ സിഖ് ഗുരുദ്വാരകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം; ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് സോണിയ

By Web TeamFirst Published Jan 4, 2020, 10:46 PM IST
Highlights

വെള്ളിയാഴ്ചയാണ് പാകിസ്ഥാനിലെ നങ്കന സാഹിബ് ദുരുദ്വാര വളഞ്ഞ ജനക്കൂട്ടം ഗുരുദ്വാരയ്ക്ക് നേരെ കല്ലേറ് നടത്തിയത്.

ദില്ലി: പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണമത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യാതൊരു പ്രകോപനവുമില്ലാതെ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രസ്താവനയില്‍ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന സിഖ് വംശജ്ഞരുടേയും ഉദ്യോഗസ്ഥരുടേയും സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച സോണിയ വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന് മേല്‍ ശക്തമായി ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്താനും അവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പാകിസ്ഥാനിലെ സിഖ് ഗുരുദ്വാരകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു. 

വെള്ളിയാഴ്ചയാണ് പാകിസ്ഥാനിലെ നങ്കന സാഹിബ് ദുരുദ്വാര വളഞ്ഞ ജനക്കൂട്ടം ഗുരുദ്വാരയ്ക്ക് നേരെ കല്ലേറ് നടത്തിയത്. നിരവധി വിശ്വാസികള്‍ ഗുരുദ്വാരയ്ക്ക് അകത്തുള്ളമ്പോള്‍ ആണ് സംഘടിച്ചത് എത്തിയ ജനക്കൂട്ടം ഗുരുദ്വാര ആക്രമിച്ചതും വിദ്വേഷകരമായ മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സിഖ് വിഭാഗക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗുരുദ്വാര ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ ന്യൂനപങ്ങളായ സിഖുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ കര്‍ശന നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!