ഡിസംബർ വരെ ബിജെപി അധ്യക്ഷനായി അമിത് ഷാ തുടർന്നേക്കും, ഭാരവാഹിയോഗം നാളെ ദില്ലിയിൽ

By Web TeamFirst Published Jun 12, 2019, 10:49 AM IST
Highlights

ഭാരവാഹി തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ബിജെപി അധ്യക്ഷനായി ഡിസംബർ വരെ അമിത് ഷാ തന്നെ തുടരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കൂടിയാണ് നാളെ ബിജെപിയുടെ ഭാരവാഹിയോഗം ചേരുന്നത്. 

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടർന്നേക്കും. ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നത് വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് സൂചന. ഇക്കാര്യത്തിൽ നാളെ അന്തിമതീരുമാനമുണ്ടാകും. ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെ സമയക്രമം ചർച്ച ചെയ്യാൻ അമിത് ഷായുടെ അധ്യക്ഷതയിൽ നാളെ ദില്ലിയിൽ യോഗം ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.

ബിജെപിയുടെ ദേശീയ ഭാരവാഹികൾ, സംസ്ഥാനാധ്യക്ഷൻമാർ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ എന്നിവരെല്ലാം നാളത്തെ യോഗത്തിൽ പങ്കെടുക്കും. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. ഭാരവാഹിയോഗത്തിന് ശേഷം ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ജൂൺ 18-ന് ചേരുന്നുണ്ട്. 

പ്രവർത്തനാധ്യക്ഷൻ വരുമോ?

ബിജെപിയുടെ പാലർമെന്‍ററി ബോർഡ്, അമിത് ഷായുടെ തിരക്കുകൾ കണക്കിലെടുത്ത് പാർട്ടിക്ക് ഒരു പ്രവർത്തനാധ്യക്ഷനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. ബിജെപി അധ്യക്ഷനായി അമിത് ഷാ തന്നെ തുടരുമ്പോഴും തൽക്കാലം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു പ്രവർത്തനാധ്യക്ഷനെ നിയമിക്കാനാണ് ആലോചന. ആഭ്യന്തര തെരഞ്ഞെടുപ്പ് ഈ പ്രവർത്തനാധ്യക്ഷന്‍റെ മേൽനോട്ടത്തിൽ നടക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ജെ പി നദ്ദയുടെ പേരാണ് ഈ സ്ഥാനത്തേക്ക് സജീവമായി പറഞ്ഞു കേൾക്കുന്നത്. 

2018 സെപ്റ്റംബറിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗം ലോക്സഭാ തെര‍ഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സംഘടനാ തെരഞ്ഞെടുപ്പുകൾ മരവിപ്പിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മേൽനോട്ടം അമിത് ഷായുടെ നേതൃത്വത്തിൽത്തന്നെ മുന്നോട്ടുപോകുമെന്നായിരുന്നു തീരുമാനം. അഞ്ച് വർഷം മുൻപ് ബിജെപി അധ്യക്ഷനായ ഷായുടെ കാലാവധി, ജനുവരിയിൽ അവസാനിക്കാനിരിക്കുകയായിരുന്നു.

ജൂലൈ 2014-ലാണ് രാജ്‍നാഥ് സിംഗിന് ശേഷം അമിത് ഷാ ബിജെപി അധ്യക്ഷപദത്തിലെത്തുന്നത്. രാജ്‍നാഥ് സിംഗ് കേന്ദ്രമന്ത്രിസഭയിലേക്ക് പോയപ്പോൾ ഷാ പാർട്ടി തലപ്പത്തെത്തി. രാജ്‍നാഥ് സിംഗിന് 18 മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്. 'ഒരാൾക്ക് ഒറ്റപ്പദവി' എന്ന നയമനുസരിച്ച് അദ്ദേഹം ബിജെപി അധ്യക്ഷപദമൊഴിയുകയായിരുന്നു. തുടർന്ന് 2016-ൽ അമിത് ഷാ ഔദ്യോഗികമായി ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 

എന്നാൽ ഇത് അമിത് ഷായ്ക്ക് ബാധകമാവുമോ എന്ന കാര്യം കണ്ടറിയണം. മാത്രമല്ല, ബിജെപി ഭരണഘടനയനുസരിച്ച് ഒരാൾക്ക് തുടർച്ചയായി രണ്ട് തവണ അധ്യക്ഷപദത്തിൽ തുടരാം. ഇതനുസരിച്ച് അമിത് ഷായ്ക്ക് വേണമെങ്കിൽ അടുത്ത മൂന്ന് വർഷത്തേക്ക് കൂടി ബിജെപി അധ്യക്ഷനാകാം. 

മോദിക്കൊപ്പം ഷാ നേടിയ 303 സീറ്റുകളുടെ വൻ വിജയത്തിന് ശേഷമാണ് അമിത് ഷാ കേന്ദ്രമന്ത്രിപദത്തിലെത്തുന്നത്. നേരത്തേ പാർലമെന്‍ററി ബോർഡ് അംഗവും മുതിർന്ന കേന്ദ്രമന്ത്രിയുമായിരുന്ന ജെ പി നദ്ദയെ രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ, അദ്ദേഹം അമിത് ഷായുടെ പിൻഗാമിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. പാർട്ടി വൻ വിജയം നേടിയ ഉത്തർപ്രദേശിന്‍റെ ചുമതലക്കാരനായിരുന്നു ജെ പി നദ്ദ. ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്‍ത്തുമെന്ന് കരുതപ്പെട്ടിരുന്ന മഹാസഖ്യത്തെ 15 സീറ്റുകളിലൊതുക്കാനുമായി. 

ഭാരവാഹി തെരഞ്ഞെടുപ്പ് കലണ്ടർ നാളെ

പുതിയ അംഗത്വ പരിപാടികളടക്കം വിപുലമായാണ് ബിജെപിയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുക. മണ്ഡൽ, ജില്ലാ, സംസ്ഥാനതലങ്ങളിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിനാൽ ഇവയൊഴികെ മറ്റ് ഭാരവാഹി തെരഞ്ഞെടുപ്പുകളാണ് നടക്കുക. 

നാളത്തെ യോഗത്തിൽ പ്രവർത്തനാധ്യക്ഷനെ തെരഞ്ഞെടുത്താലും അടുത്ത ആറ് മാസത്തിനകം പാർലമെന്‍ററി ബോർഡ് ഈ തെരഞ്ഞെടുപ്പ് അംഗീകരിച്ചാൽ മതി. എന്നാൽ നേതൃപദവിയിൽ മാറ്റം വരുമോ എന്ന കാര്യം കണ്ടറിയണം. 

എന്തായാലും ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടം അമിത് ഷാ തന്നെയാകും വഹിക്കുക. ഞായറാഴ്ച ഈ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഷാ വെവ്വേറെ യോഗം ചേർന്ന കാര്യങ്ങൾ വിലയിരുത്തിയിരുന്നു. 

click me!