
അമൃത്സർ: പഞ്ചാബിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രിമാരുടെ അന്തിമപട്ടികയ്ക്ക് രാഹുൽ ഗാന്ധി അംഗീകാരം നൽകിയെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ വിശ്വസ്തരെ ആരേയും പുതിയ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടില്ലെന്നാണ് സൂചന.
അതേസമയം പിസിസി അധ്യക്ഷൻ നവ്ജ്യോതി സിംഗ് സിദ്ദുവിൻ്റെ നിർദേശങ്ങളും മന്ത്രിസഭാ രൂപീകരണത്തിൽ ഹൈക്കമാൻഡ് മുഖവിലയ്ക്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പാർട്ടിയുടെ നിർണായക പദവിയിലുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന സിദ്ദുവിൻ്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചില്ല. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമഘട്ടത്തിൽ നടന്ന രണ്ട് വട്ട ചർച്ചകളിലും സിദ്ദുവിനെ ഒഴിവാക്കിയെന്നാണ് ദില്ലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ചർച്ചകൾക്കായി ദില്ലിയിലായിരുന്ന മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി ഇന്നലെ അമൃത്സറിൽ തിരിച്ചെത്തിയെങ്കിലും രാത്രി വൈകി അദ്ദേഹത്തെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ മൂന്ന് തവണയാണ് ചന്നി ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലെത്തിയത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരെല്ലാം ചന്നിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിട്ടും നിരാശനാക്കപ്പെട്ട സുനിൽ ജാക്കറെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭയിലെ സുപ്രധാന പദവി നൽകി ജാക്കറെ ആശ്വാസിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam