വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ്, ബിരുദകോഴ്സുകൾ 4 വർഷം വരെ - ഉന്നത വിദ്യാഭ്യാസത്തിൽ വൻ അഴിച്ചുപണി

Published : Jul 29, 2020, 09:55 PM ISTUpdated : Jul 29, 2020, 10:07 PM IST
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ്, ബിരുദകോഴ്സുകൾ 4 വർഷം വരെ - ഉന്നത വിദ്യാഭ്യാസത്തിൽ വൻ അഴിച്ചുപണി

Synopsis

നേരത്തേ ബിജെപി സ്വീകരിച്ച നിലപാടിൽ നിന്ന് കടകവിരുദ്ധമാണ് എൻഡിഎയുടെ പുതിയ വിദ്യാഭ്യാസനയത്തിലുള്ളത്. യുപിഎയുടെ രണ്ടാം ഭരണകാലത്ത് അവതരിപ്പിച്ച വിദേശവിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബില്ലിനെ ബിജെപി ശക്തമായി എതിർത്തിരുന്നു.

ദില്ലി: വിദേശവിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാനുള്ള അനുമതി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ വിദ്യാഭ്യാസനയത്തിലുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ പരിഷ്കാരങ്ങൾക്ക് നിർദേശം നൽകുന്ന പുതിയ വിദ്യാഭ്യാസനയം, രാജ്യത്തെ ഉന്നതപഠനമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഉറപ്പായി. നിലവിലെ ബിരുദഘടനയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി, ഉന്നതവിദ്യാഭ്യാസരംഗത്തെ യുജിസി, AICTE എന്നീ രണ്ട് ഏജൻസികളെ ലയിപ്പിച്ച്, വിദേശപങ്കാളിത്തം കൂട്ടി നടപ്പാക്കുന്നതാകും പുതിയ വിദ്യാഭ്യാസനയം.

ഇത് വരെ രാജ്യത്ത് രണ്ട് തവണയേ വിദ്യാഭ്യാസനയത്തിൽ സമൂലമായ പരിഷ്കാരങ്ങൾ വന്നിട്ടുള്ളൂ. ആദ്യത്തേത് 1968-ലായിരുന്നു. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. രണ്ടാമത്തേത് 1986-ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. 

വിദേശസർവകലാശാലകൾക്ക് രാജ്യത്ത് കൂടുതൽ ഓഫ് ഷോർ ക്യാമ്പസുകൾ തുറക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ പുതിയ വിദ്യാഭ്യാസനയത്തിലുണ്ട്. പുതിയ ചട്ടമനുസരിച്ച് 100 വിദേശസർവകലാശാലകൾക്ക് രാജ്യത്ത് ക്യാമ്പസുകൾ തുറക്കാൻ അനുമതി നൽകുമെന്നാണ് നയം വ്യക്തമാക്കുന്നത്. 

നേരത്തേ ബിജെപി സ്വീകരിച്ച നിലപാടിൽ നിന്ന് കടകവിരുദ്ധമാണ് എൻഡിഎയുടെ പുതിയ വിദ്യാഭ്യാസനയത്തിലുള്ളത്. യുപിഎയുടെ രണ്ടാം ഭരണകാലത്ത് അവതരിപ്പിച്ച വിദേശവിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബില്ലിനെ (Foreign Educational Institutions Bill) ബിജെപി ശക്തമായി എതിർത്തിരുന്നു. അന്ന്, വിദേശസർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങിയാൽ അവർ ഏർപ്പെടുത്തുന്ന ഉയർന്ന ഫീസടക്കമുള്ളവ, പൊതുവിൽ വിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരണത്തിന് കാരണമാകുമെന്നും മൊത്തത്തിൽ ഫീസ് കൂട്ടാനിടയാക്കുമെന്നുമായിരുന്നു ബിജെപിയുൾപ്പടെയുള്ള പാർട്ടികളുടെ നിലപാട്.

പുതിയ നയമനുസരിച്ച്, ''വിദേശസർവകലാശാലകൾക്ക്, രാജ്യത്ത് നിലവിലുള്ള സ്വയംഭരണസ‍ർവകലാശാലകൾ പോലെ, സ്വയംഭരണാധികാരം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും'', എന്നാണ് മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ രേഖയിലുള്ളത്. 

ബിരുദഘടനയിൽ സമൂലമായ മാറ്റം

ബിരുദകോഴ്സുകളുടെ നടത്തിപ്പിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതാണ് പുതിയ വിദ്യാഭ്യാസനയം. ഒരു കോഴ്സിന്‍റെ പല ഘട്ടങ്ങളിൽ വച്ച് കോഴ്സ് അവസാനിപ്പിക്കാനും തുടങ്ങാനും ഇനി കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. Multiple Entry/ Exit Options- എന്നാണ് കേന്ദ്രസർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. ബിരുദകോഴ്സുകൾ നാല് വർഷം വരെ നടത്താൻ ഇനി കഴിയും. മൂന്ന് വർഷത്തെ ബിഎ, ബിഎസ്‍സി, ബി-വൊക്കേഷണൽ എന്നീ തരത്തിലുള്ള കോഴ്സുകൾ തുടരും. അതേസമയം, നാല് വർഷത്തെ ബിരുദകോഴ്സുകളിൽ ഒരു വർഷം പൂർത്തിയാക്കി കോഴ്സ് അവസാനിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ട് വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് ഇറങ്ങിയാൽ ഡിപ്ലോമ, മൂന്ന് വർഷം പൂർത്തിയാക്കി ഇറങ്ങിയാൽ ബാച്ചിലേഴ്സ് ഡിഗ്രി, നാലാം വ‌ർഷം പൂർത്തിയാക്കിയാൽ ഡിഗ്രി വിത്ത് റിസർച്ച് എന്ന സർട്ടിഫിക്കറ്റും ലഭിക്കുന്ന തരത്തിലാണ് പുതിയ ബിരുദഘടന വിഭാവനം ചെയ്തിരിക്കുന്നത്. പഠിക്കുന്ന വിഷയത്തിന്‍റെ ഏതെങ്കിലും ഒരു മേഖലയിൽ സമഗ്രമായ റിസർച്ച് വിദ്യാർത്ഥിക്ക് ബിരുദതലത്തിൽത്തന്നെ ചെയ്യാനാകും.

ഇതോടൊപ്പം ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും സ്ഥാപനങ്ങളെ ലയിപ്പിച്ച് ഒരൊറ്റ ഏജൻസിയായി മാറ്റാനും തീരുമാനമായിട്ടുണ്ട്. യുജിസി, എഐസിടിഇ എന്നീ കൗൺസിലുകൾ ചേർത്ത് ഉന്നതവിദ്യാഭ്യാസകമ്മീഷൻ രൂപീകരിക്കും (Higher Education Committee Of India) എന്നാകും ഇതിന്‍റെ പേര്. ഇതിന് നാല് വിഭാഗങ്ങളുണ്ടാകും. റെഗുലേഷൻ, ഫണ്ടിംഗ്, അംഗീകാരം നൽകൽ, ഓരോ കോഴ്സുകൾക്ക് സ്റ്റാൻഡേഡ് നിശ്ചയിക്കൽ എന്നിവ ഈ ഓരോ വിഭാഗങ്ങളുടെ ചുമതലയാകും. 

''പ്രൊഫഷണൽ കൗൺസിലുകളായ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എജ്യുക്കേഷൻ, കൗൺസിൽ ഓഫ് ആർക്കിടെക്ചർ, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആന്‍റ് ട്രെയിനിംഗ് എന്നിവ എല്ലാം ചേർത്ത് പ്രൊഫഷണൽ സ്റ്റാൻഡേഡ് സെറ്റിംഗ് ബോഡീസ് (PSSBs) എന്ന് അറിയപ്പെടും'', മന്ത്രാലയം പുറത്തിറക്കിയ നയരേഖയിൽ പറയുന്നു.

ഐഐടികളിലും ഹ്യൂമാനിറ്റീസ് കോഴ്സുകൾ

ഒരേ തരം വിഷയങ്ങൾ മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെയെല്ലാം അടുത്ത പതിനഞ്ച് വർഷത്തിനകം ഉടച്ചുവാർക്കാനാണ് തീരുമാനം. എല്ലാ സർവകലാശാലകളിലും കോളേജുകളിലും വിവിധതരം കോഴ്സുകൾ പഠിപ്പിക്കും. ''എഞ്ചിനീയറിംഗ് സ്ഥാപനങ്ങളായ ഐഐടികളിൽപ്പോലും ഭാവിയിൽ കൂടുതൽ കോഴ്സുകൾ തുടങ്ങും. ആർട്സ്, ഹ്യൂമാനിറ്റീസ് മേഖലകളിലെ മികച്ച കോഴ്സുകൾ ഐഐടികളിലടക്കം ഉറപ്പാക്കും. ആർട്സ് കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളിൽ കൂടുതൽ ശാസ്ത്രാവബോധം സൃഷ്ടിക്കും. ശാസ്ത്രവിദ്യാർത്ഥികൾക്ക് കൂടുതൽ മാനവികവിഷയങ്ങളിലും അറിവ് നേടാം. ഇരു സ്ട്രീമുകളിലെയും വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാനും അവസരമുണ്ടാകും'', എന്ന് നയരേഖ.

സ്ഥിരം പരീക്ഷകൾക്ക് പകരം തുടർമൂല്യനിർണയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും പുതിയ വിദ്യാഭ്യാസനയം പറയുന്നു. ഒപ്പം ഗവേഷണത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF) രൂപീകരിക്കുമെന്നും വിദ്യാഭ്യാസനയത്തിൽ പറയുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു