പൗരത്വ നിയമം; വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാന്‍ പുതിയ സംഘടന

By Web TeamFirst Published Dec 26, 2019, 7:06 AM IST
Highlights

നാഷണൽ യങ്ങ് ഇന്ത്യ കോർഡിനേഷൻ ആന്‍റ് ക്യാമ്പയിന്‍ എന്നാണ് അറുപതിലേറെ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്‍മയുടെ പേര്. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാനായി പുതിയ സംഘടന. നാഷണൽ യങ്ങ് ഇന്ത്യ കോർഡിനേഷൻ ആന്‍റ് ക്യാമ്പയിന്‍ എന്നാണ് അറുപതിലേറെ വിദ്യാർത്ഥി സംഘടനകള്‍ അടങ്ങുന്ന കൂട്ടായ്‍മയുടെ പേര്. ജാമിയ മിലിയ സർവ്വകലാശാലയും അലിഗഡ് മുസ്ലിം സർവ്വകലാശാലയും തുടങ്ങിയ പ്രക്ഷോഭം ഇന്ത്യയിലെ കൂടുതൽ കാമ്പസുകൾ ഏറ്റെടുക്കുകയായിരുന്നു. 

വിദ്യാർത്ഥികൾ തുടങ്ങിവച്ച പ്രക്ഷോഭം പിന്നീട് പുറത്തും ശക്തമായി. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള വിദ്യാർത്ഥി സമരങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് യങ്ങ് ഇന്ത്യ കോർഡിനേഷൻ ആന്‍റ് ക്യാമ്പയിന്‍റെ ലക്ഷ്യം. എസ്എഫ്ഐ, എഐഎസ്എഫ്, എൻഎസ്‍യുഐ, ഐസ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ, വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥി യൂണിയനുകൾ തുടങ്ങിയവ ഈ കൂട്ടായ്‍മയുടെ ഭാഗമാകും. 

പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തലത്തിൽ സബ് കമ്മറ്റികളുമുണ്ടാകും. ജനുവരി ഒന്ന് അവകാശ സംരക്ഷണ ദിനമായി ആചരിക്കാനാണ് സംഘടനയുടെ തീരുമാനം. തൊഴിലാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയുടെ മാതൃകയിലാണ് വിദ്യാർത്ഥി സംഘടനകൾക്കും ഒരു യോജിച്ച സംവിധാനം വരുന്നത്. 

click me!