
ദില്ലി: ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരിന്‍റെ മദ്യ നയത്തിൽ അഴിമതി ആരോപണം കടുപ്പിച്ച് ബി ജെ പി രംഗത്ത്. ദില്ലിയിലെ പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാൻ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുടെ ഒളിക്യാമറ ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ബി ജെ പി ആരോപണം കടുപ്പിച്ചത്. ആം ആദ്മി സർക്കാർ വൻ കിട മദ്യലോബിക്കാരെ സഹായിക്കാൻ ചിലരെ തെരഞ്ഞെടുത്താണ് എക്സൈസ് നയം രൂപീകരിച്ചുവെന്നതാണ് പ്രധാന ആരോപണം. അഴിമതിയിലൂടെ സമ്പാദിച്ച പണം പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയിക്കാനായാണ് ഉപയോഗിച്ചതെന്നും ബി ജെ പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പഞ്ചാബിനൊപ്പം ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഈ പണമാണ് എ എ പി ഉപയോഗിച്ചതെന്നും ബി ജെ പി നേതാക്കൾ ആരോപിച്ചു.
'കെജ്രിവാൾ മദ്യ ലോബികളിൽ നിന്ന് പങ്കുപറ്റുന്നു', മദ്യ നയ അഴിമതിയിൽ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ
വീഡിയോ കാണാം
ആം ആദ്മി സർക്കാർ എക്സൈസ് നയത്തിൽ നിന്ന് മനഃപൂർവം ചെറുകിടക്കാരെ ഒഴിവാക്കി, കുറച്ച് ആളുകളെ കുത്തകയാക്കാൻ സഹായിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. മുഖ്യമന്ത്രിയായി തുടരാൻ കെജ്രിവാളിന് ധാർമ്മിക അവകാശമില്ലെന്നും ബി ജെ പി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദ്യ കച്ചവടവുമായി ബന്ധപ്പെട്ട പണമൊഴുക്ക് നിയന്ത്രിക്കുന്നത് ചുരുക്കം ചിലർ മാത്രമാണെന്ന് ഉറപ്പാക്കാനാണ് എ എ പി സർക്കാർ ശ്രമിച്ചതെന്ന് ബി ജെ പി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. ഇത് അഴിമതിക്ക് വേണ്ടി ചെയ്തതാണെന്ന് ദില്ലി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത ആരോപിച്ചു. ഈ പണം ഗോവയിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പുകൾക്കായാണ് ഉപയോഗിച്ചതെന്നും ത്രിവേദി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ത്രിവേദി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏഴോ എട്ടോ വർഷത്തിനിടയിൽ ഒരു പാർട്ടിയുടെയും സ്വഭാവം എ എ പിയുടേതിനേക്കാൾ വികലമായിട്ടില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയം കമ്മീഷൻ നേടലാണെന്നത് തെളിയിക്കുന്നതാണ് മദ്യ നയമെന്നും ബി ജെ പി നേതാക്കൾ ആരോപിച്ചു. എന്നാൽ ബി ജെ പി ആരോപണം തള്ളിക്കളയുകയാണ് എ എ പി നേതാക്കൾ. രാഷ്ട്രീയ കാരണങ്ങളാൽ ബി ജെ പി ദില്ലി സർക്കാരിനെ ലക്ഷ്യമിടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്നാണ് എ എ പി നേതാക്കളുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam