വധുവിനെ തടഞ്ഞുവച്ച് യുവതിയുടെ വീട്ടുകാര്‍, ഹേബിയസ് കോര്‍പ്പസുമായി ഭര്‍ത്താവ്; ദമ്പതികളെ ഒന്നിപ്പിച്ച് കോടതി

By Web TeamFirst Published Aug 5, 2021, 11:44 AM IST
Highlights

ഉത്തര്‍ പ്രദേശിലുള്ള പിതാവിന്‍റെ വീട്ടിലായിരുന്നു യുവതിയെ തടഞ്ഞുവച്ചിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ പെണ്‍കുട്ടിയെ വരന്‍റെ വീട്ടിലേക്ക് പൊലീസ് എത്തിക്കുകയായിരുന്നു.

വധുവിന്‍റെ വീട്ടുകാരുടെ ഇടപെടല്‍ മൂലം പിരിഞ്ഞു താമസിച്ചിരുന്ന യുവദമ്പതികളെ ഒന്നിപ്പിച്ച് കോടതി. ഇരുവര്‍ക്കും ദില്ലിയും സുരക്ഷിതമായി ഒരുമിച്ച് താമസിക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവാണ് യുവ ദമ്പതികള്‍ക്ക് സഹായകരമായത്. സംഭവത്തില്‍ ദമ്പതികളെ ഒരുമിപ്പിക്കാനായി ശ്രമിച്ച ദില്ലി പൊലീസിന് അഭിനന്ദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ദില്ലിയുടെ സമീപ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലുള്ള പിതാവിന്‍റെ വീട്ടിലായിരുന്നു യുവതിയെ തടഞ്ഞുവച്ചിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ പെണ്‍കുട്ടിയെ വരന്‍റെ വീട്ടിലേക്ക് പൊലീസ് എത്തിക്കുകയായിരുന്നു. ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുലും അനൂപ് ജയ്റാം ഭാംഭാനിയുടേതുമാണ് തീരുമാനം. ഉത്തര്‍ പ്രദേശിലെ ഇറ്റായിലെ മിര്‍ഹെച്ചിയിലായിരുന്നു യുവതിയുടെ വീട്. ഭര്‍തൃവീട്ടില്‍ നിന്ന് പിതാവിന്‍റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ തടഞ്ഞുവച്ചുവെന്നായിരുന്നു പരാതി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇത്.

യുവദമ്പതികള്‍ക്ക് സുരക്ഷയൊരുക്കണമെന്നും കോടതി ആനന്ദ് പാര്‍ബത് പൊലീസ് സ്റ്റേഷന് നിര്‍ദ്ദേശം നല്‍കി. യുവതിയെ കണ്ടെത്താനായി ഭര്‍ത്താവാണ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. ഓഗസ്റ്റ് രണ്ടിന് യുവതിക്ക് ഭര്‍തൃവീട്ടിലെത്താനുള്ള സുരക്ഷ നല്‍കണമെന്ന് ദില്ലി പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സില്‍ ഭര്‍തൃവീട്ടിലേക്ക് മടങ്ങിവരണമെന്ന് യുവതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. രോഹിണിയിലെ ആര്യ സമാജ് മന്ദിറില്‍ വച്ച് 2021 ജൂണിലായിരുന്നു ഇവരുടെ വിവാഹം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!