
റായ്ച്ചൂർ: ഹണിമൂൺ ആഘോഷത്തിനിടെ പാലത്തിന് മുകളിൽ ഫോട്ടോയെടുക്കുന്നതിനിടെ ഭർത്താവിനെ കുത്തിയൊഴുകുന്ന പുഴയിലേക്ക് ഭാര്യ തള്ളിയിട്ടതായി ആരോപണം. കർണാടകയിലെ റായ്ച്ചൂരിലെ ഗർജാപൂരിലാണ് സംഭവം. കൃഷ്ണാ നദിയിലേക്കാണ് നവവരനെ ഭാര്യ തള്ളിയിട്ടതെന്നാണ് ആരോപണം. റായ്ച്ചൂരിലെ ശക്തിനഗർ സ്വദേശിയായ യുവാവിനെ നാട്ടുകാരാണ് നദിയിൽ നിന്ന് രക്ഷിച്ചത്. യാദ്ഗിർ സ്വദേശിയായ യുവതിയുമായി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് യുവാവ് വിവാഹിതനായത്.
കനത്ത മഴയിൽ നദിയിൽ വെള്ളം ഏറെയുള്ള സമയത്താണ് സംഭവം. ഭാര്യയുടെ ചിത്രമെടുത്ത ശേഷം യുവാവിന്റെ ചിത്രമെടുക്കാൻ ആവശ്യപ്പെട്ടാണ് യുവാവ് പാലത്തിന്റെ അറ്റത്ത് നിന്നത് ഈ സമയത്ത് യുവതി തന്നെ തള്ളിയിടുകയായിരുന്നുവെന്നാണ് നവവരൻ രക്ഷപ്പെടുത്തിയവരോട് വിശദമാക്കിയത്. ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും ഒരു പാറക്കല്ലിൽ പിടുത്തം കിട്ടിയ യുവാവ് സഹായത്തിന് വേണ്ടി നിലവിളിക്കുകയായിരുന്നു. നാട്ടുകാരും മത്സ്യ ബന്ധന തൊഴിലാളികളും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട് കരയിലെത്തിയ ശേഷം തന്നെ ഭാര്യ വെള്ളത്തിലേക്ക് തള്ളിയിട്ടുവെന്ന് യുവാവ് പറയുന്നതും ഭാര്യ നിഷേധിക്കുകയും ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ശക്തമായ ഒഴുക്കായതിനാൽ രണ്ട് മണിക്കൂറോളം സമയം പ്രയാസപ്പെട്ടാണ് യുവാവിനെ കരയിലെത്തിച്ചത്. എന്നാൽ തള്ളിയിട്ടതാണെന്ന ആരോപണം യുവതി നിഷേധിച്ചു. മോട്ടോർ സൈക്കിളിൽ പോകുമ്പോൾ രണ്ടുപേർക്കുമിടയിൽ വാക്കു തർക്കമുണ്ടായെന്നും ഇതിനേ തുടർന്ന് യുവാവ് പുഴയിൽ ചാടിയെന്നുമാണ് യുവതി വിശദമാക്കുന്നത്. സംഭവത്തിൽ ഇരു കൂട്ടരും പരാതി നൽകിയിട്ടില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും പൊലീസ് വിശദമാക്കി. റോഡിലുണ്ടായിരുന്നവർ എടുത്ത രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം