
ദില്ലി: ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെയുള്ള ഒസിസിആർപി(ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് ) റിപ്പോർട്ടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. വിദേശ മാധ്യമങ്ങളിൽ ഇന്ന് വന്ന അദാനിയുടെ വാർത്ത അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിഛായ മോശമാക്കി. ജെപിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും എന്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദാനിക്കെതിരെയുള്ള പത്രവാർത്ത ഉയർത്തിക്കാട്ടിയായിരുന്നു വാർത്താസമ്മേളനത്തിലുള്ള രാഹുലിന്റെ ചോദ്യം.
'ജി 20 യോഗത്തിനെത്തുന്ന നേതാക്കൾ ചോദ്യങ്ങൾ ഉന്നയിക്കും. എന്ത് കൊണ്ടാണ് അദാനിക്ക് മാത്രം ഈ സംരക്ഷണം എന്ന ചോദ്യം ഉയരും. വിനോദ് അദാനിയുടെ പങ്കാളി ചൈനീസ് പൗരനാണ്. ഇന്ത്യയുടെ താൽപര്യം ആണ് പ്രധാനമെന്ന് പറയുമ്പോൾ ചൈനക്കാരന്റെ പങ്ക് എന്താണ്?.അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബി ചെയർമാനെ എൻഡിടിവിയിൽ നിയമിച്ചു. അദാനിക്കെതിരെ അന്വേഷണം നടത്തിയ ആൾ ഇന്ന് അദാനിയുടെ തൊഴിലാളിയാണ്. ഒരു അന്വേഷണവും നടന്നില്ലെന്ന് വേണം മനസിലാക്കാൻ. പ്രധാനമന്ത്രിയുടെ അദാനി ബന്ധമാണ് അന്താരാഷ്ട്ര തലത്തിലടക്കം ചർച്ചയാവുന്നത്. പ്രധാനമന്ത്രി പദത്തിന് പോലും നാണക്കേടുണ്ടാക്കി ഒരാൾക്ക് മാത്രം എങ്ങനെയാണ് വൻകിട കരാറുകൾ ലഭിക്കുന്നത് ? രാജ്യത്തിന്റെ സ്വത്തുക്കൾ ഒരാളിൽ മാത്രം എങ്ങനെയാണ് സ്വന്തമാവുന്നത്.? ഓഹരിവില കൂട്ടാൻ എങ്ങനെയാണ് ഇത്രയും കോടി പണം അദാനിക്ക് കിട്ടിയത്?'-രാഹുൽ ഗാന്ധി ചോദിച്ചു.
സ്വന്തം കമ്പനികളിൽ രഹസ്യമായി അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ വൻ തട്ടിപ്പ്: ഗൗതം അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ശാഖകളുള്ള ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് പുതിയ തെളിവുകൾ പുറത്തുവിട്ടത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേർ വഴി വിദേശത്തെ നിഴൽ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളിൽ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇത്തരത്തിൽ നിക്ഷേപം നടന്നത് 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും മോദി സർക്കാർ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ട് പറയുന്നു.
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാർ: കേന്ദ്ര സർക്കാർ
വിദേശ മാധ്യമങ്ങളായ ഗാർഡിയനും ഫിനാൻഷ്യൽ ടൈംസുമാണ് റിപ്പോർട്ട് ഉദ്ദരിച്ച് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ആരോപണങ്ങൾ പാടേ തള്ളുകയാണ് അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും ഗ്രൂപ്പ് കുറ്റപ്പെടുത്തി. റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഒസിസിആർപിക്ക് അമേരിക്കൻ വ്യവസായിയും മോദി വിമർശകനുമായ ജോർജ് സോറോസുമായി ബന്ധമുണ്ടെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില ഇടിഞ്ഞു.
https://www.youtube.com/user/asianetnews/live
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam