'മന്ത്രി അറിയാതെ മാധ്യമവിലക്ക് വന്നതെങ്ങനെ?', അന്വേഷിക്കണമെന്ന് എൻബിഎ, അപലപിച്ച് കെടിഎഫ്

Web Desk   | Asianet News
Published : Mar 07, 2020, 06:45 PM IST
'മന്ത്രി അറിയാതെ മാധ്യമവിലക്ക് വന്നതെങ്ങനെ?', അന്വേഷിക്കണമെന്ന് എൻബിഎ, അപലപിച്ച് കെടിഎഫ്

Synopsis

വാർത്താവിതരണമന്ത്രി ഈ മാധ്യമവിലക്കിനെക്കുറിച്ച് അറിഞ്ഞില്ലെന്ന് പറയുന്നത് ഞെട്ടിക്കുന്നതാണെന്നും, പിന്നെ എങ്ങനെ രണ്ട് ചാനലുകളുടെ ലൈസൻസ് റദ്ദാക്കാൻ വാർത്താവിതരണമന്ത്രാലയത്തിന് കഴിഞ്ഞുവെന്നും ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് അസോസിയേഷൻ ചോദിക്കുന്നു. ഇത് അന്വേഷിക്കണമെന്നും എൻബിഎ. 

ദില്ലി/തിരുവനന്തപുരം: കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണമന്ത്രിയായ പ്രകാശ് ജാവദേക്കർ അറിയാതെ എങ്ങനെ കേരളത്തിലെ രണ്ട് ചാനലുകളുടെ സംപ്രേഷണാവകാശം രണ്ട് ദിവസത്തേക്ക് റദ്ദാക്കാൻ കഴിയുമെന്ന് വാർത്താവിതരണശൃംഖലകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വൺ ചാനലിനും ദില്ലി കലാപം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ നിരോധനം ഏർപ്പെടുത്തിയതിനെ എൻബിഎ അപലപിച്ചു. വാർത്താ വിതരണമന്ത്രിയെയോ പ്രധാനമന്ത്രിയെയോ അറിയിക്കാതെ ഇത്തരം ഒരു തീരുമാനം ഉദ്യോഗസ്ഥർ എടുക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കണമെന്നും എൻബിഎ ആവശ്യപ്പെട്ടു.

എൻബിഎയുടെ പ്രസ്താവന ഇങ്ങനെ: 

''കേരളത്തിലെ രണ്ട് വാർത്താചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര വാർത്താവിതരണമന്ത്രാലയത്തിന്‍റെ നടപടിയെ എൻബിഎ അപലപിക്കുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയെന്നതിനെ എൻബിഎ സ്വാഗം ചെയ്യുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം വാർത്താ വിതരണമന്ത്രി അറിഞ്ഞില്ല എന്നത് ഞെട്ടിക്കുന്നതാണ്. മന്ത്രി അറിയാതെ ഇത്തരമൊരു പ്രധാനപ്പെട്ട ഉത്തരവ് ഇറങ്ങിയതെങ്ങനെ എന്നത് അന്വേഷിക്കണം. ഇതിന്‍റെ അന്വേഷണറിപ്പോർട്ട് മാധ്യമങ്ങൾക്ക് കൈമാറുകയും വേണം. 

വാർത്തകൾ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഗണിക്കേണ്ടത് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അതോറിറ്റി (എൻബിഎസ്എ) ആണെന്ന നിലപാടിൽ എൻബിഎ ഉറച്ചു നിൽക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന എ കെ സിക്രി അധ്യക്ഷനായ സമിതി തന്നെ ഇത്തരം പരാതികൾ പരിഗണിക്കണമെന്നും എൻബിഎ ആവശ്യപ്പെടുന്നു.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വൺ ചാനലിനും നിരോധനം ഏർപ്പെടുത്തിയതിനെതിരെ കേരള ടെലിവിഷൻ ഫെഡറേഷനും രംഗത്തെത്തി. അഭിപ്രായസ്വാതന്ത്ര്യം തകർക്കുന്ന നടപടിയാണിതെന്നും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്നും കെടിഎഫ് പറഞ്ഞു. ഇതിനെതിരെ മാധ്യമസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കെടിഎഫ് പ്രസ്താവനയിൽ പറഞ്ഞു. 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'