'റോഹിങ്ക്യകൾ ജമ്മുവിൽ വന്ന് തമ്പടിച്ചതിൽ രാഷ്ട്രീയ ഗൂഢാലോചന'യെന്ന് കേന്ദ്രമന്ത്രി

Web Desk   | Asianet News
Published : Jan 04, 2020, 05:11 PM ISTUpdated : Apr 17, 2020, 09:34 AM IST
'റോഹിങ്ക്യകൾ ജമ്മുവിൽ വന്ന് തമ്പടിച്ചതിൽ രാഷ്ട്രീയ ഗൂഢാലോചന'യെന്ന് കേന്ദ്രമന്ത്രി

Synopsis

സർക്കാർ കണക്ക് പ്രകാരം 13,700 വിദേശികളാണ്, ജമ്മു - സാംബ ജില്ലകളിലായി കഴിയുന്നത്. ഇവരിൽ നിരവധിപ്പേർ റോഹിങ്ക്യ മുസ്ലിങ്ങളോ, ബംഗ്ലാദേശി പൗരൻമാരോ ആണ്. ഇവരുടെ എണ്ണം 2008 മുതൽ 2106 വരെ 6000 ആയി കൂടിയെന്നാണ് സർക്കാർ കണക്ക്.

ദില്ലി/ജമ്മു: ജമ്മു കശ്മീരിൽ കഴിയുന്ന റോഹിങ്ക്യൻ മുസ്ലിം വംശജർക്ക്, പുതിയ പൗരത്വ നിയമഭേദഗതി പ്രകാരം പൗരത്വം കിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സർക്കാരിന്‍റെ അടുത്ത നീക്കം, റോഹിങ്ക്യൻ മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കലാണെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ജമ്മു കശ്മീരിലും പൗരത്വ നിയമഭേദഗതി നിലവിൽ വന്നെന്നും, പ്രത്യേകാധികാരം എടുത്തു കളഞ്ഞതോടെ, രാജ്യത്തെ മറ്റേതൊരു സംസ്ഥാനവും പോലെത്തന്നെയാണ് ഇപ്പോൾ ജമ്മു കശ്മീരെന്നുമായിരുന്നു ജിതേന്ദ്ര സിംഗിന്‍റെ പ്രസ്താവന.

ബംഗാളിൽ നിന്ന് പല സംസ്ഥാനങ്ങൾ കടന്ന് ജമ്മുവിന്‍റെ വടക്കൻ മേഖലയിൽ എങ്ങനെ ഇത്രയധികം റോഹിങ്ക്യകൾ വന്ന് താമസമാക്കി എന്നതിൽ അന്വേഷണം വേണമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതിൽ രാഷ്ട്രീയഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും ജിതേന്ദ്ര സിംഗ്. 

''ജമ്മു കശ്മീരിലും പൗരത്വ നിയമഭേദഗതി, പാർലമെന്‍റിൽ പാസ്സാക്കിയ അതേ ദിവസം തന്നെ നിലവിൽ വന്ന് കഴിഞ്ഞു. അതിൽ ഇനി ''അങ്ങനെയാണെങ്കിൽ'', ''പക്ഷേ'', എന്ന ഒഴിവുകഴിവുകളൊന്നും സാധ്യമല്ല. അത് ചെയ്യില്ല. ഇനി സർക്കാരിന്‍റെ അടുത്ത നീക്കം, റോഹിങ്ക്യൻ മുസ്ലിങ്ങളെ നാടുകടത്തലാണ്'', എന്ന് ജിതേന്ദ്ര സിംഗ്.

ജമ്മു കശ്മീരിൽ സർക്കാർ ഉദ്യോഗസ്ഥരുടെ മൂന്ന് ദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിതേന്ദ്ര സിംഗ്. പ്രത്യേകാധികാര പദവിയുള്ള സംസ്ഥാനത്തിൽ നിന്ന് കേന്ദ്രഭരണപ്രദേശമായി മാറുമ്പോൾ ഭരണസംവിധാനത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടികൾ ഇപ്പോൾ ജമ്മു കശ്മീരിൽ ഉദ്യോഗസ്ഥർക്കായി നടന്നു വരികയാണ്.

ഈ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ്, ''റോഹിങ്ക്യകളെ എങ്ങനെ പുറത്താക്കണമെന്നതിൽ കേന്ദ്രസർക്കാർ ആലോചന നടത്തിവരികയാണ്. പട്ടികകൾ തയ്യാറാക്കണം. ആവശ്യമെങ്കിൽ ഈ മേഖലകളിൽ ബയോമെട്രിക് ഐഡികൾ വിതരണം ചെയ്യണം. കാരണം, പൗരത്വ നിയമഭേദഗതി വഴി, റോഹിങ്ക്യകൾക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കിട്ടാൻ പോകുന്നില്ല'', എന്ന് ജിതേന്ദ്ര സിംഗ്.

''അവർ, പൗരത്വം കിട്ടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവരല്ല (ഹിന്ദു, സിഖ്, ജൈന, പാഴ്‍സി, ബുദ്ധ, ക്രിസ്ത്യൻ) അവർ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ - എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരല്ല. അതിനാൽ അവരൊക്കെ പുറത്ത് പോയേ തീരൂ'', എന്ന് ജിതേന്ദ്ര സിംഗ്. മ്യാൻമറിൽ നിന്ന് കുടിയേറിയ അഭയാർത്ഥികളാണ് റോഹിങ്ക്യ മുസ്ലിങ്ങൾ. 

സർക്കാർ കണക്ക് പ്രകാരം 13,700 വിദേശികളാണ്, ജമ്മു - സാംബ ജില്ലകളിലായി കഴിയുന്നത്. ഇവരിൽ നിരവധിപ്പേർ റോഹിങ്ക്യ മുസ്ലിങ്ങളോ, ബംഗ്ലാദേശി പൗരൻമാരോ ആണ്. ഇവരുടെ എണ്ണം 2008 മുതൽ 2106 വരെ 6000 ആയി കൂടിയെന്നാണ് സർക്കാർ കണക്ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം